തിരുവനന്തപുരം:ശിവസേനയുടെയും ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി കേരളയുടെയും നേതൃത്വത്തിൽ ഗണേശോത്സവ വിഗ്രഹ നിമജ്ജന ഘോഷയാത്ര സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിന് മുന്നിൽ മുൻ എം.പി കെ.മുരളീധരൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ചെയർമാൻ അജയകുമാർ ജ്യോതിർഗമയ അദ്ധ്യക്ഷത വഹിച്ചു.

വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഗണേശവിഗ്രഹങ്ങൾ അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചു.നിരവധി ഭക്തജനങ്ങളാണ് ഘോഷയാത്രയിൽ പങ്കെടുത്തത്.ഫ്ലോട്ടുകളോടുകൂടിയ വർണശബളമായ ഘോഷയാത്ര രാത്രി 8ഓടെ ശംഖുംമുഖം ആറാട്ട് കടവിൽ എത്തിച്ചേർന്നു.പോറ്റി രാജേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പൂജ നടത്തി വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തതോടെ ഈ വർഷത്തെ ഗണേശോത്സവം സമാപിച്ചു. മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാർ,എം.എം.ഹസൻ,ശിവസേന സംസ്ഥാന സെക്രട്ടറി പെരിങ്ങമ്മല അജി, ഇരുമ്പിൽ വിജയൻ, ആറ്റുകാൽ തമ്പി തുടങ്ങിയവർ പങ്കെടുത്തു.