സംസ്ഥാനത്ത്, പട്ടയ ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്ക് ആറു പതിറ്റാണ്ടിലധികം മുമ്പ്, 1964-ൽ ഭൂപതിവ് ചട്ടങ്ങൾ നിലവിൽ വന്നകാലത്തോളം തന്നെ പഴക്കമുണ്ട്. കൃഷിയിൽ മാത്രം അധിഷ്ഠിതമായി ജീവിതം ക്രമപ്പെടുത്തിയിരുന്ന മലയോര ജനതയുടെ പഴയ സാഹചര്യമനുസരിച്ച് കാർഷികാവശ്യങ്ങൾക്കും വീടുവയ്ക്കാനും മാത്രമെന്ന ഉപാധിയോടെയാണ് പ്രധാനമായും ഭൂമി പതിച്ചു നൽകിയിരുന്നത്. ജീവിതക്രമം മാറുകയും, തലമുറമാറ്റത്തോടെ മലയോരഭൂമിയുടെ മുഖം മാറുകയും ചെയ്തതോടെ സ്കൂളുകൾക്കും ആശുപത്രികൾക്കും വേണ്ടി മാത്രമല്ല, വാണിജ്യാവശ്യങ്ങൾക്കു കൂടി ആ ഭൂമി വിനിയോഗിക്കാൻ അവർ നിർബന്ധിതരാവുകയായിരുന്നു. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുമതി നിഷേധിച്ചിരുന്നുമില്ല. അതേസമയം, എല്ലാ അതിരുകളും ലംഘിച്ച് ലാഭലക്ഷ്യം മാത്രം മുൻനിറുത്തി പട്ടയഭൂമിയുടെ അമിതചൂഷണം വ്യാപകമായതോടെ ചട്ടലംഘനവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളും സാധാരണമായി.
റിയൽ എസ്റ്രേറ്റ് വ്യവസായികളും വമ്പൻ വാണിജ്യ സ്ഥാപനങ്ങളും ഇത്തരത്തിൽ ക്രമവിരുദ്ധ നിർമ്മാണം നടത്തുന്ന വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെ ഇടുക്കിയിൽ, മൂന്നാർ മേഖലയിലെ മുഴുവൻ നിർമ്മാണപ്രവൃത്തികളും നിറുത്തിവയ്ക്കേണ്ട സാഹചര്യവും ഉണ്ടായി. അതോടെ, വീടിനും കൃഷിക്കുമായി പതിച്ചുകിട്ടിയ ഭൂമിയിൽ ജീവിതമാർഗത്തിനായി ചെറുകിട സ്ഥാപനങ്ങൾ തുടങ്ങിയവർ കൂടി കുരുക്കിലാവുകയും ചെയ്തു. സങ്കീർണമായ ഈ പ്രശ്നങ്ങൾക്ക് ചട്ടഭേദഗതിയിലൂടെ പരിഹാരം കാണുമെന്നത് 2021-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. ആ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മലയോരമേഖലയിൽ ആയിരക്കണക്കിന് സാധാരണ കുടുംബങ്ങൾക്ക് ആശ്വാസം പകരുന്ന ഭൂപതിവു ചട്ട ഭേദഗതിക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കിയത്.
പട്ടയം ലഭിച്ച ഭൂമി കൃഷിക്കും വീടിനും മാത്രമെന്ന നിയന്ത്രണമില്ലാതെ, ജീവനോപാധിക്കായി ഉടമയ്ക്ക് ആ ഭൂമി സ്വതന്ത്രമായി വിനിയോഗിക്കാൻ കഴിയണമെന്നതാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. മാറിയ കാലത്തിന് അനുസൃതമായതും, നിയമോന്മുഖമല്ലാതെ, ജീവിതോന്മുഖമായതുമായ നയവും സമീപനവുമാണിതെന്ന് ആഹ്ളാദത്തോടെ പറയണം. സുരക്ഷിതവും സ്വതന്ത്രവും സുഖപൂർണവുമായ ജീവിതത്തിനു വേണ്ടിയുള്ളതാകണം നിയമങ്ങളും ചട്ടങ്ങളും. അതിനായി കൊണ്ടുവരുന്ന ചട്ടങ്ങൾ ജീവിതത്തിന് കുരുക്കാകുന്ന സ്ഥിതിയുണ്ടാകുമ്പോൾ പ്രശ്നത്തിന്റെ എല്ലാ വശങ്ങളും പഠിച്ചും പരിശോധിച്ചും ആവശ്യമായ ഭേദഗതി വരുത്തുക തന്നെയാണ് പരിഹാരം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ ഏറ്റവും അഭിനന്ദനീയമായ പരിഷ്കാരങ്ങളിലൊന്നായി ഇത് എണ്ണപ്പെടുക തന്നെ ചെയ്യും.
പതിച്ചു കിട്ടിയ ഭൂമിയിൽ ഇതുവരെ നടത്തിയ, ചട്ടം പാലിക്കാതെയുള്ള വിനിയോഗങ്ങൾ നിശ്ചിത ഫീസ് മാത്രം ഈടാക്കി ക്രമപ്പെടുത്താം എന്നതാണ് പ്രധാന ഭേദഗതികളിൽ ഒന്ന്. കാർഷികാവശ്യത്തിനും വീട് നിർമ്മാണത്തിനും മാത്രമായി പതിച്ചുകിട്ടിയ ഭൂമിയിൽ ജീവനോപാധിക്കായുള്ള മറ്റു വിനിയോഗങ്ങളും അനുവദിക്കാമെന്നതാണ് മറ്റൊരു പരിഷ്കാരം. ഉടമകളുടെ താമസത്തിനായി നിർമ്മിച്ചിട്ടുള്ള എല്ലാ വീടുകളും അപേക്ഷാഫീസ് മാത്രം നല്കി ക്രമവത്കരിക്കാമെന്നത് മലയോര മേഖലയിൽ പതിറ്റാണ്ടുകളായി ജീവിതം കരുപ്പിടിപ്പിച്ച്, തലമുറകളായി അവിടെ തുടരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമാവുക. പൊതുസ്ഥാപനങ്ങൾക്കു മാത്രമല്ല, ജീവനോപാധിക്കായി പണിതിട്ടുള്ള 3000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങൾ വകമാറ്റലിനു ചുമത്തുന്ന കോമ്പൗണ്ടിംഗ് ഫീസ് ഇല്ലാതെതന്നെ ക്രമപ്പെടുത്താം എന്നത് വിപ്ളവകരമായ പരിഷ്കാരം തന്നെയാണ്. ചട്ടഭേദഗതിക്ക് അംഗീകാരമായതോടെ, ഭാവിയിൽ ജീവനോപാധിയുടെ മറവിൽ ഭൂമിയുടെ അമിത വാണിജ്യവത്കരണം ഉണ്ടാകാതെ സൂക്ഷിക്കേണ്ട ബാദ്ധ്യത കൂടി സർക്കാരിനുണ്ട്.