വാഷിംഗ്ടൺ : യു.എസിന്റെ തീരുവ ഭീഷണികൾക്കിടെ, രാഷ്ട്രപതി ദ്റൗപദി മുർമുവിന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് രഹസ്യ സ്വഭാവമുള്ള കത്ത് അയച്ചെന്ന് അമേരിക്കൻ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. ഈ മാസം 31ന് ചൈനയിൽ തുടങ്ങുന്ന ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കെയാണ് റിപ്പോർട്ട്.
മാർച്ചിലാണ് ഷീ കത്തയച്ചതെന്നും ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കാൻ ആഹ്വാനം ചെയ്തെന്നും യു.എസിന്റെ നടപടികളിൽ അദ്ദേഹം ആശങ്കകൾ പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കത്ത് മോദിക്ക് കൈമാറിയിരുന്നതായും നയതന്ത്ര ഉറവിടങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ സൂചിപ്പിച്ചു. അതേ സമയം, റിപ്പോർട്ടിനോട് ഇന്ത്യയോ ചൈനയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.