തിരുവനന്തപുരം: കൊല്ലം സെയ്‌ലേഴ്‌സിനെ രണ്ട് റണ്‍സിന് വീഴിത്തി ടൂര്‍ണമെന്റിലെ രണ്ടാം ജയം ആഘോഷിച്ച് ആലപ്പി റിപ്പിള്‍സ്. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്‍മാരുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 എന്ന സ്‌കോറില്‍ അവസാനിച്ചു. എട്ടാമനായി ക്രീസിലെത്തി 22 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷറഫുദീന്‍ ആണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍.
സൂപ്പര്‍ താരങ്ങളായ വിഷ്ണു വിനോദ് 22(9), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 18(12) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് സെയ്‌ലേഴ്‌സിന് തിരിച്ചടിയായത്. അഭിഷേക് നായര്‍ 2(6), വത്സല്‍ ഗോവിന്ദ് 13(16), സജീവന്‍ അഖില്‍ 14(12), വിക്കറ്റ് കീപ്പര്‍ സച്ചിന്‍ പിഎസ് 18(17), രാഹുല്‍ ശര്‍മ്മ 16(10), അമല്‍ എ.ജി 12(10), എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഏദന്‍ ആപ്പിള്‍ ടോം 4*(5), ബിജു നാരായണന്‍ 12*(2) എന്നിവര്‍ പുറത്താകാതെ നിന്നു.
ആലപ്പിക്കായി രാഹുല്‍ ചന്ദ്രന്‍, മൊഹമ്മദ് ഇനാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആദിത്യ ബൈജു, ജലജ് സക്‌സേന, ശ്രീഹരി എസ് നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് ഓപ്പണര്‍ ജലജ് സക്‌സേനയുടെ അര്‍ദ്ധ സെഞ്ച്വറി 85(50) മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. ഒമ്പത് ഫോറും നാല് സിക്‌സുമാണ് കേരളത്തിന്റെ മറുനാടന്‍ താരം കാര്യവട്ടത്ത് പായിച്ചത്. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍വ 24(24), അഭിഷേക് പി നായര്‍ 18(17), മൊഹമ്മദ് ഇനാന്‍ 21(9) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.