വടക്കൻ കാറ്റുകളുടെയും മഞ്ഞുപാളികളുടെയും നിറഞ്ഞ ഒരു നഗരം, ഭൂമിയിലെ സാധാരണ നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായ ലോകമാണ് നോർവെയിലെ സ്വാൾബാർഡ് ദ്വീപിന്റെ ഭരണ സിരാകേന്ദ്രം ലോംഗ് ഇയർബൈൻ. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തെ പട്ടണമെന്ന് അറിയപ്പെടുന്ന പ്രദേശത്തെ മനുഷ്യവാസം പ്രത്യേകതകളും വെല്ലുവിളികളും നിറഞ്ഞതാണ്.
ലോംഗ് ഇയർബൈനിൽ സ്ഥിര താമസമാക്കിയവരുടെ എണ്ണം ഏകദേശം മൂവായിരത്തിനടുത്ത് മാത്രമാണ്. ഗവേഷണ കേന്ദ്രങ്ങൾ, ടൂറിസം സ്ഥാപനങ്ങൾ, പ്രാദേശിക സേവന മേഖലകളിൽ തുടങ്ങിയ ജോലികൾ ചെയ്യുന്നവരാണ് ഇവിടുത്തെ ജനങ്ങളിലേറെയും.
ചരിത്രപരമായി, ലോംഗ് ഇയർബൈന്റെ വികാസം ഇരുപതാം നൂറ്റാണ്ടിന് ശേഷമാണ്. 1920കളുടെ തുടക്കത്തിൽ ഖനന പ്രവർത്തനങ്ങളായിരുന്നു പ്രധാന വ്യവസായം. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ടൂറിസത്തിന് കൂടുതൽ പ്രാധാന്യം നൽകി. ഇന്ന് ലോംഗ് ഇയർബൈന്റെ പ്രധാന മേഖലകളിലൊന്നാണ് ടൂറിസം. 2016 ലെ കണക്കനുസരിച്ച് ഒന്നേകാൽ ലക്ഷത്തോളം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്.
അതിശൈത്യ കാലമായ നവംബർ മുതൽ ജനുവരിവരെ നാലുമാസം ഇവിടുത്തെ കാലാവസ്ഥ -20 ഡിഗ്രി സെൽഷ്യസിലും വരെ താഴെയാണ്. ഈ കാലയളവിൽ സൂര്യനെ കണികാണാൻ പോലും കിട്ടില്ല. രണ്ടരമാസത്തോളം രാത്രിയും പകലും വ്യത്യാസമില്ലാതെ ഇവിടം പൂർണ്ണമായും ഇരുട്ടിലായിരിക്കും. ജനങ്ങൾ ഈ കാലയളവിൽ, ഉത്സവങ്ങൾ, സംഗീതക്കച്ചേരികൾ, കായിക പരിപാടികൾ എന്നിവയിലൂടെ പരസ്പരം കണ്ടുമുട്ടാറുണ്ട്. പോളാർ നൈറ്റ് എന്നറിയപ്പെടുന്ന ഈ കാലഘട്ടം, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മനോഹരമായ 'സന്ധ്യ'യോടെയാണ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത്. എന്നാൽ, മേയ് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഭൂമിയുടെ ഉത്തരമേഖല സൂര്യന്റെ നേർദിശയിൽ വരുന്നതിനാൽ, രാത്രിയില്ലാത്ത ദിവസങ്ങളും ഇവിടെ ഉണ്ടാകാറുണ്ട്. സ്കൂൾ, ഡേകെയർ സെന്റർ, ചോക്ലേറ്റ് ഷോപ്പ്, പള്ളി, യൂണിവേഴ്സിറ്റി, മ്യൂസിയം, വിമാനത്താവളം എന്നിവയെല്ലാം ഈ ദ്വീപിലുണ്ട്. ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പട്ടണമായതിനാൽ, ഇവിടുത്തെ സൗകര്യങ്ങളും പ്രശംസിക്കപ്പെടാറുണ്ട്.
ലോംഗ് ഇയർബൈൻ മരിക്കുന്നവരുടെ മൃതദേഹം ഇവിടെ സംസ്കരിക്കാറില്ലെന്നതും എടുത്തു പറയേണ്ടതാണ്. അതിനുകാരണമാകുന്നതും ഇവിടുത്തെ കാലാവസ്ഥ തന്നെ. മൃതദേഹം വർഷങ്ങളോളം ചീഞ്ഞുപോകാതെ നിലനിൽക്കുന്നതിനാൽ ഇവിടുത്തെ മരണപ്പെടുന്നവരെ നോർവേയിലെ മറ്റു പട്ടണങ്ങളിലേക്ക് വിമാനത്തിലൂടെ കയറ്റി അയയ്ക്കാറാണ് പതിവ്. മറ്റൊരു സവിശേഷത മനുഷ്യരെക്കാൾ കൂടുതലാണ് ഇവിടുത്തെ ധ്രുവക്കരടികളുടെ എണ്ണം. തെരുവുകളിൽ കരടികളെ കാണുന്നതും അസാധാരണമല്ല, അതിനാൽ പട്ടണത്തിന് പുറത്ത് പോകുന്നവർക്ക് സ്വയ രക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കുന്നതും നിയമപരമാണ്.
ടൂറിസം വളർന്നതോടെ, ഇവിടെയെത്തുന്ന സന്ദർശകർക്ക് കാലാവസ്ഥയും മാറിവരുന്ന പ്രകൃതിയും കാണാം. നോർവേയിലെ മെയിൻലാൻഡിൽ നിന്ന് വിമാനമാർഗ്ഗം മാത്രമാണ് ലോംഗ് ഇയർബൈനിലേക്ക് എത്തിച്ചേരാനാകൂ. പല പ്രദേശങ്ങളിലേക്കുള്ള റോഡുകൾ ഇല്ലാത്തതിനാൽ ശൈത്യകാലത്ത് സ്നോ മൊബൈലുകളും വേനൽക്കാലത്ത് ബോട്ടുകളും പൊതുവായ ഗതാഗത മാർഗങ്ങളായി ഉപയോഗിക്കാറുണ്ട്.