student

ട്രാഫിക് സിഗ്നലിൽ കാർ നിർത്തുമ്പോൾ നാടോടി സ്ത്രീകളും മറ്റും വന്ന് കാറിന്റെ ചില്ലൊക്കെ വൃത്തിയാക്കുന്നത് നമ്മൾ കാണാറുണ്ട്. അതിനവർ തുച്ഛമായ പൈസയും ഈടാക്കാറുണ്ട്. എന്നാൽ കാറിന്റെ ചില്ല് തുടച്ചതിന് 2300 രൂപ ആവശ്യപ്പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ മറുപടി? 2300 രൂപയോ എന്ന് ചോദിക്കാൻ വരട്ടെ, സംഭവം സത്യമാണ്.

യുകെയിലെ ബർമിംഗ്ഹാമിലാണ് സംഭവം. ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണ് ഒരാളുടെ കാറിന്റെ ചില്ല് തുടച്ച് വൃത്തിയാക്കിയത്. അതും ഉടമ ആവശ്യപ്പെടാതെയാണ് ഇത് ചെയ്തത്. ഇതിനുപിന്നാലെ തനിക്ക് 20 പൗണ്ട് (ഏകദേശം 2,300 രൂപ) വേണമെന്ന് വിദ്യാർത്ഥി കാറിന്റെ ഉടമയോട് ആവശ്യപ്പെട്ടു. ഇതുകേട്ട് അയാളൊന്ന് ഞെട്ടി. വിദ്യാർത്ഥിയുടെ ആവശ്യം കാർ ഉടമ നിരസിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമാവുകയും ചെയ്തു.

2300 രൂപയോ എന്ന് ഉടമ ചോദിക്കുമ്പോൾ 'അതെ, ജീവിതച്ചെലവ് കൂടുതലാണ്' എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി. മറുപടി കേട്ട് ഞെട്ടിയ ഉടമ ' എന്താണ് ഉദ്ദേശിക്കുന്നത്? നിനക്ക് ഭ്രാന്താണ്. ചില്ല് വൃത്തിയാക്കാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല.'- അയാൾ മറുപടി നൽകി. എന്നിട്ടും പെൺകുട്ടി പണം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പണം തന്നില്ലെങ്കിൽ കാർ ഇവിടെ നിന്നെടുക്കാൻ അനുവദിക്കില്ലെന്നും അല്ലെങ്കിൽ തന്റെ ശരീരത്തിലൂടെ എടുക്കേണ്ടിവരുമെന്നും പെൺകുട്ടി ഭീഷണി മുഴക്കി.

കാർ ഉടമ പെൺകുട്ടിയെ കൊള്ളക്കാരി എന്നും വിളിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. നിരവധി കമന്റുകളും വരുന്നുണ്ട്. സംഭവത്തെ ചിലർ പിടിച്ചുപറിയെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ മറുചിലർ ഇതിനെ സ്‌ക്രിപ്റ്റഡ് വീഡിയോയെന്നും വിളിക്കുന്നുണ്ട്.