kollam-thulasi

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. അടുത്തിടെ കൊല്ലം ഗാന്ധിഭവനിൽ വച്ച് അദ്ദേഹം നടത്തിയ ഒരു പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയും മകളും തന്നെ ഉപേക്ഷിച്ചുപോയതിനെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. നടി ലൗലിയെ ഗാന്ധിഭവനിൽ വച്ച് കണ്ടതാണ് ആ വിഷയം തന്നെ നടന്റെ മനസിലേക്കെത്താൻ കാരണം. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കൊല്ലം തുളസി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കൊല്ലം തുളസിയുടെ വാക്കുകൾ:

'നടി ലൗലിയെയും അവരുടെ അമ്മയെയും അന്ന് ഞാൻ ഗാന്ധിഭവനിൽ വച്ച് കണ്ടു. അവരുടെ കഥ കേട്ടപ്പോൾ ഞാൻ എന്നിലേക്ക് മടങ്ങി. എന്റെ കഥയും ഏകദേശം അങ്ങനെ തന്നെയാണ്. ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി. എന്റെ ഏറ്റവും വലിയ വിഷമം മകളെ പോലും എന്നിൽ നിന്നകറ്റി എന്നുള്ളതാണ്. കലാകാരൻ എന്ന നിലയിൽ സാമൂഹിക പ്രതിബദ്ധതയുള്ളയാളാണ് ഞാൻ. അത്രയും മോശമാണ് ഞാനെന്ന് ഇതുവരെ തോന്നിയിട്ടില്ല. 13 വർഷമായി എനിക്ക് ക്യാൻസർ വന്നിട്ട്. അസുഖം ബാധിച്ചിട്ടും ഇങ്ങനെയെരിക്കുന്ന അപൂർവം ചിലരിൽ ഒരാളാണ് ഞാൻ. ചെയ്‌‌ത പുണ്യകർമങ്ങളുടെ ഫലമാണിതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

കീമോ ചെയ്‌ത ശേഷം ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ എന്നെ ഉപേക്ഷിച്ച് പോയതാണ് ഭാര്യ. അന്നൊരു വാക്ക് പോലും പറഞ്ഞില്ല. ചാവാൻ കിടക്കുന്ന അങ്ങേരെ ഞാനെന്തിനാ കാണുന്നെ എന്നാണ് അവർ ജോലിക്കാരിയോട് പറഞ്ഞത്. ഞങ്ങൾ തമ്മിൽ മാനസികമായി ഐക്യം ഇല്ലായിരുന്നു. ഞാൻ ആഭാസനാണ്, കള്ളുകുടിയനാണ്, പെണ്ണുപിടിയനാണ് എന്നെല്ലാം പറഞ്ഞ് മകളുടെ മനസ് മാറ്റി. ഒരമ്മ മകളോട് ഇങ്ങനെ പറഞ്ഞാൽ അവർ ഉറപ്പായും ഇത് വിശ്വസിക്കും. ഒരു ദ്രോഹവും ഞാൻ ചെയ്‌തിട്ടില്ല. ഞാൻ വിളിച്ചാൽ പോലും മകൾ ഫോണെടുക്കാറില്ല. വളരെ ദുഃഖമുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ഞാൻ അതേപ്പറ്റി ചിന്തിക്കാറില്ല. ആ പേജ് ഞാൻ വലിച്ചുകീറി.

ഒറ്റപ്പെടൽ അനുഭവപ്പെട്ടപ്പോഴാണ് ഗാന്ധിഭവനിൽ പോയത്. പലരും ചോദിച്ച് കാശുള്ള നിങ്ങളെന്തിനാ ഇവിടെ വന്ന് കിടക്കുന്നതെന്ന്. അന്നെനിക്ക് പെൻഷൻ മാത്രമേ ഉള്ളു. കാശ് മുഴുവൻ പലരും പറ്റിച്ചുകൊണ്ട് പോയി. ആറ് മാസത്തോളം അവിടെ താമസിച്ചു. അവിടെ ഉള്ളവരുടെ കഥകൾ കേൾക്കുമ്പോൾ നമുക്ക് അത്രയും പ്രശ്‌നമില്ലല്ലോ എന്ന് തോന്നിപ്പോകും.'