സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് പലപ്പോഴും ട്രോളുകളിൽ ഇടംപിടിക്കാറുണ്ട്. 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിലെ മാധവിന്റെ ഡയലോഗായിരുന്നു ഇതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രോൾ മെറ്റീരിയൽ. 'നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല... എന്തിനാടാ കൊന്നിട്ട്, ഇയാളുടെ മകളും നമ്മളെപ്പോലെ തന്തയില്ലാതെ ജീവിക്കാനോ' എന്നതായിരുന്നു ഡയലോഗ്.
ട്രോളുകളിൽ നിറച്ച ഡയലോഗ് ചിലർ പാട്ടായി പാടിയിരുന്നു. ഇതിൽ ചിലതൊക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ആ പാട്ട് ഏറ്റെടുത്ത്, സെൽഫ് ട്രോളുമായി എത്തിയിരിക്കുകയാണ് മാധവ് സുരേഷും സംഘവും. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മാധവ് സുരേഷ് ആദ്യമായി അഭിനയിച്ച കുമ്മാട്ടിക്കളി തമിഴ് സംവിധായകനായ വിൻസന്റ് സെൽവയാണ് സംവിധാനം ചെയ്തത്. വിൻസന്റ് സെൽവയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് കുമ്മാട്ടിക്കളി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയാണ് ചിത്രം നിർമ്മിച്ചത്.
കുമ്മാട്ടിക്കളിയിൽ തന്റേത് നല്ല പ്രകടനമോ ക്യാൻവാസോ ആയിരുന്നില്ലെന്നും എന്നാൽ അതുകാരണമുള്ള ട്രോളുകളിൽ താൻ മാത്രമാണ് ഇടം പിടിച്ചതെന്നും മാധവ് സുരേഷ് മുമ്പ് പ്രതികരിച്ചിരുന്നു.