അക്ഷയ് കുമാറിനെയും സെയ്ഫ് അലിയാനെയും നായകന്മാരാക്കി പ്രിയദർശൻ ഒരുക്കുന്ന ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹൈവാൻ എന്ന ചിത്രത്തിൽ ശ്രിയ പിൽഗാവോങ്കർ നായികയാകുന്നു. ഒട്ടേറെ ബോളിവുഡ്, മറാത്തി സിനിമകളിൽ വേഷമിട്ട നടനും നിർമ്മാതാവും സംവിധായകനും ഗായകനുമായ സച്ചിൻ പിൽഗാവോങ്കറിന്റെയും ബോളിവുഡ്, മറാത്തി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും ശ്രദ്ധേയയായ സുപ്രിയ പിൽഗാവോങ്കറിന്റെയും മകളാണ് ശ്രിയ .
ഏക് ലൂത്തി ഏക്ക് എന്ന മറാത്തി സിനിമയിലൂടെയാണ് ശ്രീയ അരങ്ങേറ്റം കുറിച്ച്ചത്. മികച്ച പുതുമുഖ നായികയ്ക്കുള്ള മഹാരാഷ്ട്ര സ്റ്റേറ്റ് ഫിലിം അവാർഡും നേടി. ഫാൻ ആയിരുന്നു ആദ്യ ഹിന്ദിച്ചിത്രം. മിർസാപൂർ, ഗിൽറ്റി മൈൻഡ്സ്, താസാ ഖബർ,ദ ബ്രോക്കൺ മൈൻഡ് എന്നീ വെബ് സീരിസുകളിലെ പ്രകടനമാണ് ശ്രിയയെ ഏറെ ശ്ര ദ്ധേയയാക്കിയത്. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളത്ത് ഹൈവാന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അതിഥി വേഷത്തിൽ ഹൈവാനിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഹൈവാനുശേഷം തന്റെ നൂറാമത്തെ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യും. മോഹൻലാൽ ആണ് നായകൻ.ഇതിനുശേഷം സിനിമാ ജീവിതത്തിൽനിന്ന് വിട പറയാൻ താൻ ആലോചിക്കുന്നതായി അടുത്തിടെ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു.