പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് കെ.സി.സി.പി.എൽ. ഒരുകാലത്ത് തുടർച്ചയായ നഷ്ടത്തിൽ കുടുങ്ങിക്കിടന്ന ഈ പൊതുമേഖലാ സ്ഥാപനം ഇന്ന് പുതിയ ചരിത്രത്തിന്റെ അദ്ധ്യായം തുറക്കുകയാണ്. സർക്കാരിന്റെ പൊതുമേഖലയോടുള്ളപ്രതിബദ്ധത, ദീർഘവീക്ഷണമുള്ള മാനേജ്മെന്റിന്റെ പരിശ്രമം, ജീവനക്കാരുടെ പിന്തുണ - ഇവയെല്ലാം ചേർന്നാണ് ഈ വിജയഗാഥ സൃഷ്ടിച്ചത്.
കെ.സി.സി.പി.എല്ലിന്റെ വിജയകഥ കേവലം ഒരു സ്ഥാപനത്തിന്റെ മുന്നേറ്റം മാത്രമല്ല. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുതിയ ഊർജം നൽകി എങ്ങനെ വൈവിദ്ധ്യവൽക്കരിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണിത്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളും ലഭ്യമായ അസംസ്കൃത വസ്തുക്കളും പ്രയോജനപ്പെടുത്തി, ശാസ്ത്രീയ ചിന്തയും നൂതന സമീപനവും സ്വീകരിച്ച് ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ സ്ഥാപനം.
സംഖ്യകൾ പറയുന്ന
വിജയകഥ
കമ്പനിയുടെ പരിവർത്തനത്തിന്റെ ചിത്രം തെളിയാൻ കണക്കുകൾ തന്നെ മതി. 2015-16 വർഷത്തിൽ വെറും 3.41 കോടി രൂപ വിറ്റുവരവും 4.65 കോടി രൂപ നഷ്ടവും ഉണ്ടായിരുന്ന സ്ഥാപനം 2024-25ൽ 93.10 കോടി രൂപ വിറ്റുവരവും 4.11 കോടി രൂപ പ്രവർത്തനലാഭവും കൈവരിച്ചിരിക്കുന്നു. 2014-15ന് ശേഷം ആദ്യമായി 2024-25 സാമ്പത്തിക വർഷത്തിൽ അറ്റാദായം നേടിയ കമ്പനി 2021-22 മുതൽ തുടർച്ചയായി പ്രവർത്തനലാഭത്തിലാണ്.
അംഗീകാരങ്ങൾ -
മികവിന്റെ സാക്ഷ്യപത്രങ്ങൾ
കമ്പനിയുടെ മികച്ച പ്രവർത്തനത്തിന്
ലഭിച്ച അംഗീകാരങ്ങൾ അതിന്റെ
വിജയത്തിന്റെ ഉജ്ജ്വല സാക്ഷ്യങ്ങളാണ്
വ്യവസായ മന്ത്രിയുടെ
പ്രശംസാപത്രം
(2021-22, 2024-25)
കേരളകൗമുദി
ബെസ്റ്റ് പെർഫോമൻസ്
അവാർഡ് (2022-23)
ബി.പി.സി.എൽ.
ബെസ്റ്റ് പെർഫോമൻസ്
അവാർഡ് (2021-22)
കാർഷിക വകുപ്പിന്റെ
സംസ്ഥാനതല അവാർഡ് (2023)
ദീപിക അവാർഡ്
ഹരിത കേരള മിഷന്റെ
നെറ്റ് സീറോ കാർബൺ
സ്ഥാപന അംഗീകാരം
വൈവിദ്ധ്യവൽക്കരണത്തിന്റെ പാതയിൽ
5.7 കോടി രൂപ നിക്ഷേപത്തിൽ കണ്ണപുരം യൂണിറ്റിൽ സ്ഥാപിതമായ ഇന്റഗ്രേറ്റഡ് കോക്കനട്ട് ആൻഡ് ഫ്രൂട്ട് പ്രൊസസിംഗ് യൂണിറ്റ് 2022 ഡിസംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തേങ്ങാപാൽ, തേങ്ങാപൊടി, വെർജിൻ കോക്കനട്ട് ഓയിൽ, കോക്കനട്ട് വാട്ടർ ജ്യൂസ് എന്നിവ കെ.സി.സി.പി.എൽ കേരവർ എന്ന ട്രേഡ് നാമത്തിൽ വിപണിയിലെത്തിക്കുന്നു.നാളികേര വികസന ബോർഡിന്റെയും സിപിസിആർഐയുടെയും സാങ്കേതിക സഹായത്തോടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കേരളകർഷകർക്കും പ്രയോജനം ചെയ്യുന്ന ആധുനിക ലബോറട്ടറി സംവിധാനങ്ങളോടെയാണ് നിർമ്മിക്കുന്നത്.കെ.സി.സി.പി.എൽ.ഫ്രൂട്ട് സോൾ എന്ന പേരിലാണ് ഫ്രൂട്ട് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത്.
ബി.പി.സി.എല്ലുമായി
സഹകരണം
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലുമായി സഹകരിച്ച് പാപ്പിനിശ്ശേരി, മാങ്ങാട്ടുപറമ്പ്, നാടുകാണി എന്നിവിടങ്ങളിൽ പെട്രോൾ പമ്പുകൾ സ്ഥാപിച്ചു.
അമ്പതോളം പേർക്ക് തൊഴിലവസരം സൃഷ്ടിച്ച ഈ പദ്ധതി ഇ.വി ചാർജിംഗ് സ്റ്റേഷനും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനും ഉൾക്കൊള്ളുന്നു. കരിന്തളത്ത് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പമ്പും പാലക്കാട് കഞ്ചിക്കോടിലെ പമ്പും ഉടൻ പ്രവർത്തനമാരംഭിക്കും.
ഇൻക്യുബേഷൻ സെന്റർ -
ഭാവി സാദ്ധ്യതകളുടെ ജാലകം
കെസിസിപിഎൽ-മൈസോൺ സംയുക്ത സംരംഭമായ ഇൻക്യുബേഷൻ സെന്റർ വിജയകരമായ അഞ്ച് വർഷം പൂർത്തിയാക്കി. 74 സ്റ്റാർട്ടപ്പുകൾ ഇവിടെ ജന്മമെടുക്കുകയും ഏകദേശം 200 യുവാക്കൾക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഈ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഹൈടെക് കയർ
ഡിഫൈബറിംഗ് യൂണിറ്റ്
കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുമായി സഹകരിച്ച് പഴയങ്ങാടി, നീലേശ്വരം യൂണിറ്റുകളിൽ പ്രതിദിനം 1.2 ലക്ഷം തൊണ്ട് സംസ്കരിക്കാനുള്ള ശേഷിയോടെ ഹൈടെക് കയർ ഡിഫൈബറിംഗ് യൂണിറ്റുകൾ ആരംഭിച്ചു. ഇവിടെ നിർമ്മിക്കുന്ന അഗ്രിപിത്ത് കമ്പോസ്റ്റിന്റെ ആദ്യ വിദേശ ഓർഡർ അടുത്ത മാസം കാനഡയിലേക്ക് അയയ്ക്കും.
ആന്റിസെപ്റ്റിക് ഡിസിൻഫെക്ടന്റ് മാനുഫാക്ചറിംഗ് കോംപ്ലക്സ്
കൊവിഡ് കാലത്ത് അവസരത്തെ മുതലാക്കി കണ്ണപുരം യൂണിറ്റിൽ ആരംഭിച്ച സാനിറ്റൈസർ, ഹാൻഡ് വാഷ്, ഫ്ളോർ ക്ലീനർ, ഡി.എം വാട്ടർ എന്നിവയുടെ ഉൽപ്പാദനം ഡിയോൺ ബ്രാൻഡിൽ 1.5 കോടി രൂപയുടെ വിറ്റുവരവ് കൈവരിച്ചു. കെ.എം.എസ്.സി.എല്ലിന്റെ വിതരണ ശൃംഖലയിലൂടെ സർക്കാർ ആശുപത്രികളിൽ എത്തുന്ന ഈ ഉൽപ്പന്നങ്ങൾ വയനാട് ദുരിതാശ്വാസത്തിനും ഉപയോഗിച്ചു. പുതിയ 12 തരം ഡിസിൻഫെക്ടന്റുകൾ ഉൽപ്പാദിപ്പിക്കുന്ന വിപുലീകൃത യൂണിറ്റ് അടുത്ത മാസം വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
കാർഷിക
വിപ്ലവത്തിന്റെ കേന്ദ്രം
കരിന്തളം യൂണിറ്റിൽ 15 ഏക്കറിൽ പാഷൻഫ്രൂട്ട് കൃഷി, മിയാവാക്കി പച്ചത്തുരുത്ത്, കുറ്റിയാട്ടൂർ മാവിൻ തോട്ടം, വാഴക്കൃഷി എന്നിവ നടത്തി വരുന്നു. 150 ഇനങ്ങളിലായി 1800 ഓളം വൃക്ഷത്തൈകളും 105 കുറ്റിയാട്ടൂർ മാവിൻ തൈകളും നട്ടുപിടിപ്പിച്ചു. പഴയങ്ങാടിയിലെ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു. ഖനനഭൂമിയിൽ കമ്പനിയുടെ അഗ്രിപിത്ത് വളം ഉപയോഗിച്ചാണ് ഈ കൃഷി വിജയം കൈവരിച്ചത്.
കാർഷിക ടൂറിസം പദ്ധതിക്കായി 15 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മഴവെള്ള സംഭരണി, കുളം, പെഡൽ ബോട്ടുകൾ, ഓപ്പൺ ജിം, ടർഫ്, ഓപ്പൺ എയർ തിയേറ്റർ, ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടുന്ന പരിസ്ഥിതി സൗഹൃദ പദ്ധതിയാണിത്.
പാരിസ്ഥിതിക
പ്രതിബദ്ധത
ക്ലേ ഖനനം പൂർത്തിയാക്കിയ സ്ഥലങ്ങളെ ജൈവവൈവിധ്യ കലവറകളാക്കി മാറ്റുന്ന പ്രവർത്തനത്തിന് കാർഷിക വകുപ്പിന്റെ സംസ്ഥാനതല അവാർഡ് ലഭിച്ചു. ഹരിത കേരള മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം പ്രചാരണത്തിൽ സജീവമായി പങ്കെടുത്തതിന് അംഗീകാരം ഏറ്റുവാങ്ങി.
ഭാവിയിലേക്കുള്ള കുതിപ്പ്
കെ.സി.സി.പി.എൽ ഇന്ന് കേരളത്തിലെ പൊതുമേഖലാ വിപ്ലവത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. നഷ്ടത്തിൽ മുങ്ങിക്കിടന്ന കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുവന്ന മാനേജ്മെന്റും തൊഴിലാളികളും സർക്കാരും കാണിച്ച മാതൃകാപരമായ സഹകരണമാണ് ഈ വിജയത്തിന്റെ രഹസ്യം. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ അവ ലാഭകരമായി മാറുമെന്നുമുള്ള സന്ദേശമാണ് കെ.സി.സി.പി.എൽ നൽകുന്നത്.
വൈവിധ്യവൽക്കരണത്തിലൂടെ കമ്പനി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹിക ഉത്തരവാദിത്വത്തിലും മുൻനിരയിൽ നിൽക്കുന്ന കെ.സി.സി.പി.എൽ പൊതുമേഖലയുടെ നവോത്ഥാനത്തിന്റെ പ്രതീകമായി മാറുകയാണ്. ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽനിന്ന് ഉയർന്ന് പറന്നുയരുന്ന ഈ സംരംഭം മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രചോദനമായി നിലകൊള്ളുന്നു.ചെയർമാൻ ടി.വി. രാജേഷിന്റെയും മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണന്റെയും ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ഇത് സാദ്ധ്യമാക്കിയത്. കമ്പനി അടുത്ത പത്തുവർഷത്തേക്കുള്ള വിപുലമായ മാസ്റ്റർ പ്ലാൻ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്.