veena-george

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗെെഡ് വയർ കുടുങ്ങിയ സംഭവത്തിൽ വിശദമായി അന്വേഷിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിനായി വിദഗ്ധസമിതിയെ നിയോഗിച്ചതാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇത് കണ്ടെത്തിയത്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല, യുവതി ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി ഉറപ്പാണ്'- മന്ത്രി പറഞ്ഞു.

കാട്ടാക്കട സ്വദേശി സുമയ്യയാണ് ഡോക്ടർമാരുടെ പിഴവ് മൂലം ദുരിതം അനുഭവിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി മാറ്റണമെന്ന ഡോക്ടർ രാജീവ്കുമാറിന്റെ നിർദ്ദേശപ്രകാരം 2023 മാർച്ച് 22നാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം സുമയ്യ വീട്ടിലേക്ക് മടങ്ങിയെങ്കിലും ഇടയ്ക്കിടെ ശ്വാസതടസമുണ്ടായി. തുടർന്ന് ഇതേ ഡോക്ടറുടെ അടുത്ത് രണ്ടുവർഷം ചികിത്സ തുടർന്നു. എന്നാൽ കഫക്കെട്ടും ശ്വാസതടസവും കടുത്തപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടത്തെ ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്‌സ്റേ എടുത്തപ്പോഴാണ് നെഞ്ചിനകത്ത് ലാപ്‌റോ‌സ്‌കോപിക്ക് ശസ്ത്രക്രിയ സാമഗ്രികളുടെ ഭാഗമായ ഗെെഡ് വയർ കണ്ടത്.

തുടർന്ന് എക്‌സ്റേയുമായി യുവതി ഡോക്ടർ രാജീവ് കുമാറിനെ സമീപിച്ചു. പിന്നീട് രാജീവ് കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ തേടി. കാലപ്പഴക്കം കാരണം വയർ രക്തക്കുഴലുമായി ഒട്ടിച്ചേർന്നെന്നും എടുക്കാൻ കഴിയില്ലെന്നും സിടി സ്‌കാനിൽ കണ്ടെത്തി. ഇക്കാര്യം രാജീവ് കുമാറിനെ അറിയിച്ചതോടെ എനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് കൈയൊഴിഞ്ഞെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നു