തിരുവനന്തപുരം: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ജിവി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ആഘോഷ പരിപാടിയിൽ മെയ് വഴക്കവും ചടുലമായ നീക്കങ്ങളും പ്രയോഗങ്ങളും കൊണ്ട് കളരിപ്പയറ്റ് പ്രദർശനം കാണികളെ അതിശയിപ്പിച്ചു. കേരള കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അരങ്ങേറിയ കളരിപ്പയറ്റ് പ്രദർശനത്തിൽ മെയ്പ്പയറ്റു മുതൽ ഉറുമിപ്പയറ്റു വരെയുള്ള ഇനങ്ങൾ അവതരിപ്പിച്ചു. ദേശീയ മത്സരത്തിലും സംസ്ഥാന മത്സരത്തിലും വിജയിച്ച 15 അംഗ ടീം ആണ് കളരിപ്പയറ്റ് അവതരിപ്പിച്ചത്. കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി രാധാകൃഷ്‌ണൻ, എം ജി ജിജോ ഗുരുക്കൾ, കെ കെ അംബരീഷ് എന്നിവർ നേതൃത്വം നൽകി.