തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 വകുപ്പുകൾ പ്രകാരമാണ് കേസ്. രാജീവ് കുമാർ മാത്രമാണ് കേസിലെ പ്രതി.
ഡോക്ടർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ശസ്ത്രക്രിയയ്ക്ക്‌വിധേയയായ കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മൻസിലിൽ സുമയ്യ (26) നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് കേസെടുത്തത്. അതേസമയം, ഗൈഡ് വയർ തിരിച്ചെടുക്കാനുള്ള ചികിത്സ നൽകുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
കൂടാതെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടർ പണം വാങ്ങിയെന്നാരോപിച്ച് യുവതിയുടെ ബന്ധു പരാതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയ എത്രയും വേഗം നടത്താൻ വേണ്ടിയായിരുന്നു പണം വാങ്ങിയത്. ഗൂഗിൾ പേ വഴിയാണ് പണം നൽകിയതെന്നും മറ്റൊരു ഡോക്ടർ പറഞ്ഞിട്ടാണ് രാജീവ് കുമാറിനെ കണ്ടതെന്നും പരാതിയിൽ പറയുന്നു.
വീഴ്ച സമ്മതിച്ചുള്ള ഡോക്ടർ രാജീവ് കുമാറിന്റെ ശബ്ദരേഖയും ഡോക്ടർ വിദഗ്ദ്ധ ചികിത്സക്കായി പണം അയച്ചതിന്റെ സ്‌ക്രീൻ ഷോട്ടും ബന്ധുക്കൾ ഇന്നലെ പുറത്തുവിട്ടിരുന്നു. 2023 മാർച്ചിലായിരുന്നു ശസ്ത്രക്രിയ നടന്നത്. തുടർന്ന്, കാത്സ്യം കുറഞ്ഞ രോഗിക്ക് അപസ്മാരമുണ്ടായി ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നും നൽകാനായി സെൻട്രൽ ലൈനിട്ടു. അനസ്തേഷ്യ ഡോക്ടർക്ക് പകരം മൂന്നു മാസത്തേക്ക് പരിശീലനത്തിനെത്തിയ പി ജി ട്രെയിനി ഡോക്ടർ ആണ് യുവതിക്ക് സെൻട്രൽ ലൈനിട്ടത്.
2025 ഏപ്രിലിലാണ് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യ വകുപ്പ് സെക്രട്ടറി യുവതിയെയും ബന്ധുക്കളെയും വിളിച്ച് സംസാരിച്ചെന്നാണ് വിവരം. വിദഗ്ദ്ധ സമിതിയും രൂപീകരിച്ചു. ശ്രീചിത്രയിലെ വിഗദ്ധർ പരിശോധിച്ച്, ഗൈഡ് വയർ കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു.