ഐടി രംഗത്തുള്ളവരോട് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനം എതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണുള്ളൂ. അത് ഗൂഗിൾ എന്നായിരിക്കും. അമേരിക്കൻ ജീവിതം, ഉയർന്ന ശമ്പളം തുടങ്ങിയ സുഖസൗകര്യങ്ങൾ എല്ലാം ലഭിക്കുമെന്നാണ് ഗൂഗിൾ പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്താലുള്ള ഗുണം. എന്നാൽ ജീവിതത്തിൽ സംഭവിച്ച ഒരു ചെറിയ കാര്യത്തെത്തുടർന്ന് ഗൂഗിളിലെ 2.52 കോടി ശമ്പളമുള്ള ഗൂഗിൾ ജോലി ഉപേക്ഷിച്ച ഒരു 27കാരന്റെ വാർത്തയാണ് സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്.
ബിസിനസ് ഇൻസൈഡറിൽ വന്ന കുറിപ്പിലാണ് ഈ യുവാവിനെക്കുറിച്ച് പറയുന്നത്. ഏഷ്യൻ വംശജനായ ജിം ടാങ് 2021ൽ ആണ് ഗൂഗിളിൽ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ജീവിതത്തിൽ സംഭവിച്ച ഒരു ബ്രേക്കപ്പ് കാരണം ജിം ഗൂഗിളിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. ഇതേക്കുറിച്ച് ചില കാര്യങ്ങൾ ജിം തന്നെ പറയുന്നുണ്ട്.
തന്റെ പുതിയ ജോലിയിൽ ഏറ്റവും കൂടുതൽ അഭിമാനം കൊണ്ടത് മാതാപിതാക്കളായിരുന്നെന്ന് ജിം പറയുന്നു. സാമ്പത്തിക സുരക്ഷയും അമേരിക്കൻ ജീവിതവും തന്നെയാണ് ഇതിന് കാരണമായത്. എന്നാൽ ധാരാളം ആനുകൂല്യങ്ങൾ ഉണ്ടായിരുന്നിട്ടും, മികച്ച ആളുകളോടൊപ്പം പ്രവർത്തിച്ചിട്ടും, ഞാൻ ഒരിക്കലും ആ കോർപ്പറേറ്റ് ജോലിയുടെ വലിയ ആരാധകനായിരുന്നില്ല. ഗൂഗിളിൽ ജോലി ചെയ്യുമ്പോൾ, ഞാൻ അവരെ ധാരാളം പണം സമ്പാദിക്കാൻ സഹായിക്കുന്നുണ്ടായിരുന്നു. പക്ഷേ അത് പ്രത്യേകിച്ച് അർത്ഥവത്തായി എനിക്ക് തോന്നിയില്ലെന്ന് ജിം പറഞ്ഞു.
അഞ്ച് മില്യൺ ഡോളർ സേവ് ചെയ്തതിന് ശേഷം 40ാം വയസിലുള്ള വിരമിക്കൽ സ്വപ്നം കണ്ട വ്യക്തിയായിരുന്നു ജിം. അദ്ദേഹം സ്ഥാനക്കയറ്റങ്ങൾക്കായി പരിശ്രമിക്കുകയും സിലിക്കൺ വാലിയുടെ കോർപ്പറേറ്റ് സംസ്‌കാരത്തിന്റെ നേട്ടങ്ങൾ ആസ്വദിക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി ജീവിതത്തിൽ സംഭവിച്ച ഒരു ബ്രേക്കപ്പും അതിന് പിന്നാലെയുണ്ടായ വിഷാദവും കാരണം അദ്ദേഹം ദീർഘനാൾ അവധിയിൽ തുടർന്നു. ജോലി തുടരാൻ മാനസികമായ ബുദ്ധിമുട്ട് അനുഭവിച്ച് തുടങ്ങിയതോടെ 2025 മേയിൽ അദ്ദേഹം ജോലി രാജിവച്ചു.
ജോലി വിട്ട ശേഷം ജിം ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ യാത്ര ചെയ്യാനുള്ള തിരക്കിലാണ്. ഒരു സോഷ്യൽ മീഡിയ ക്രിയേറ്ററായും സംരഭകനായും അദ്ദേഹം ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോൾ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. കോർപ്പറേറ്റ് ജീവിതത്തിന് പുറത്തുള്ള തന്റെ ജീവിത യാത്ര അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്. അദ്ദേഹത്തിന്റെ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നാൽ ഗൂഗിളിൽ നിന്നുള്ള സാമ്പത്തിക സഹായം അദ്ദേഹത്തിന് ആത്മവിശ്വാസം നൽകുന്നു.