സിംഗപ്പൂർ: ഫോണിൽ സംസാരിച്ചു കൊണ്ട് അശ്രദ്ധമായി ലോറിയോടിച്ച ഇന്ത്യൻ ഡ്രൈവർ കാർ യാത്രികനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് വർഷം തടവും പിഴയും വിധിച്ച് സിംഗപ്പൂർ കോടതി. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പ്രൊഫസർ യോക്ക് ലിൻ (70) ഓടിച്ചിരുന്ന കാറിൽ നിർമ്മാണ തൊഴിലാളിയായ നടരാജൻ മോഹൻരാജ് (28) ഓടിച്ച ലോറിയിടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റ പ്രൊഫസറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവ ദിവസം തന്നെ അദ്ദേഹം മരിക്കുകയായിരുന്നു. 2023 ജൂലായ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. യുവാവ് ഓടിച്ചിരുന്ന ലോറി ഡിവൈഡറിന് മുകളിൽ തട്ടി നിയന്ത്രണം നഷ്ടമായി എതിർദിശയിൽ വരികയായിരുന്ന പ്രൊഫസറുടെ കാറിൽ ഇടിക്കുകയായിരുന്നു.
മുമ്പും അശ്രദ്ധമായി വാഹനമോടിച്ചതിന്റെ പേരിൽ നടരാജനെ ട്രാഫിക് പൊലീസ് പിടികൂടിയിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജൂലായ് 25ന് മുമ്പ് ലൈസൻസ് ഹാജരാക്കാൻ ട്രാഫിക് പൊലീസ് 2023 ജൂണിൽ തന്നെ നടരാജന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു അപകടം നടന്നത്.
ആദ്യം കുറ്റം ചെയ്ത ശേഷം ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. എന്നാൽ 2024-ൽ രണ്ടു തവണ കൂടി ഇയാൾ ലോറി ഓടിക്കുന്നത് തുടർന്നു. അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാളുടെ മരണത്തിന് ഇടയാക്കിയത് ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ഇതിനോടകം നടരാജനെതിരെ ചുമത്തുകയും ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ ലൈസൻസ് ആജീവനാന്തം കോടതി റദ്ദാക്കിയിട്ടുണ്ടെന്നും സിംഗപ്പൂർ ദിനപത്രത്തിലെ റിപ്പോർട്ടിൽ പറയുന്നു.