നിയമത്തിൽ ബിരുദമെടുക്കാനൊരുങ്ങി നടിയും നിർമാതാവുമായ സാന്ദ്രാ തോമസ്. ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാഡമിയിൽ പ്രവേശനം നേടിയതായും താരം അറിയിച്ചു. ഫേസ്‌ബുക്കിലൂടെയാണ് സാന്ദ്ര പുതിയ വിശേഷം അറിയിച്ചത്. അക്കാഡമിയിൽ നിന്നുളള ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. പുതിയ അദ്ധ്യായം തുടങ്ങുകയാണെന്നാണ് സാന്ദ്രയുടെ കുറിപ്പ്.
ജീവിതം പ്രതിസന്ധികൾ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളര്‍ച്ചയെ തടയുന്നില്ല. ജീവിതത്തിലെ ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാനും ഒരേസമയം പല ഉത്തരവാദിത്തങ്ങളും അഭിമാനത്തോടെ നിര്‍വഹിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് താൻ ശ്രമിക്കുന്നതെന്നും സാന്ദ്ര കുറിച്ചു.നിയമം എന്നും ഹൃദയത്തോട് ചേര്‍ന്നു നിന്ന ഒന്നായിരുന്നുവെന്നും സാന്ദ്ര പറഞ്ഞു.
ബിബിഎ ബിരുദധാരിയാണ് സാന്ദ്ര. മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ബിബിഎ ബിരുദം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തരബിരുദവും സ്വന്തമാക്കിയിട്ടുണ്ട്. നടൻ വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലിം ഹൗസ് എന്ന പേരില്‍ നിര്‍മാണക്കമ്പനി രൂപീകരിച്ചാണ് സാന്ദ്ര സിനിമയില്‍ സജീവമായത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസ് വിട്ട് സ്വന്തം നിര്‍മാണക്കമ്പനിയായ സാന്ദ്ര തോമസ് ഫിലിം പ്രൊഡക്ഷൻസ് ആരംഭിച്ചു. ആട്, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2016ല്‍ വില്‍സണ്‍ ജോണ്‍ തോമസുമായി വിവാഹിതയായി. ഇരുവര്‍ക്കും ഇരട്ട പെണ്‍കുട്ടികളാണ്.