മറയൂർ: ഇടുക്കിയിൽ ആദിവാസി യുവാവ് വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. മറയൂർ ഇന്ദിരാ നഗർ സ്വദേശി സതീഷിനെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്‌ക്ക് പരിക്കേറ്റ നിലയിൽ രക്തംവാർന്ന അവസ്ഥയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ സതീഷിനെ അന്വേഷിച്ച് ബന്ധുക്കൾ വീട്ടിലെത്തിയ സമയത്താണ് മരിച്ച നിലയിൽ സതീഷിനെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസവും വിറക് ശേഖരിക്കാനും വിറക് വിൽക്കാനുമെല്ലാമായി സതീഷ് സുഹൃത്തുക്കൾക്കൊപ്പം പോയിരുന്നു.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സതീഷിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. ഫോറൻസിക് പരിശോധനയിൽ മാത്രമേ മരണകാരണം സംബന്ധിച്ച പ്രാഥമിക നിഗമനത്തിലെത്താൻ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിനും അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.