കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനം നിർവഹിച്ച 'ലോക ചാപ്ടർ വൺ: ചന്ദ്ര' അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം വൻ വിജയമായതിന് പിന്നാലെ സന്തോഷം പങ്കുവയ്ക്കുകയാണ് നിർമ്മാതാവായ ദുൽഖർ സൽമാൻ. ലോകയുടെ വിജയത്തിൽ താൻ സന്തോഷവാനാണെന്നും സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ലോക ടീമിനുള്ളതാണെന്നും ദുൽഖർ പറഞ്ഞു.
'ഞാൻ വളരെ സന്തോഷവാനാണ്. നിങ്ങൾക്കെല്ലാവർക്കും പടം ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല. ചെറിയ സ്വപ്നം വച്ച് തുടങ്ങിയതാണ്. പക്ഷേ മുഴുവൻ ക്രെഡിറ്റും ഈ ടീമിനുള്ളതാണ്. ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രമാണ്'- ദുൽഖർ പറഞ്ഞു. അബുദാബിയിലെ 369 സിനിമാസിലാണ് ദുൽഖർ ചിത്രം കാണാനെത്തിയത്. അപ്പോഴായിരുന്നു പ്രതികരണം. ദുൽഖറിനൊപ്പം 'ലോക' ചിത്രത്തിലെ താരങ്ങളും ടൊവിനോ തോമസും ഉണ്ടായിരുന്നു.
വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ "ലോക" സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ചിത്രത്തിൽ അതിഥി താരങ്ങളുടെ വലിയ നിരതന്നെയുണ്ട്. യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കി 'ലോക' എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നു. ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ.