anurudh

കലക്കൻ പാട്ടുകളുമായി ഹരം കൊള്ളിച്ച അനിരുദ്ധ് രവിചന്ദറിന്റെ ആഡംബര കാറുകളുടെ ശേഖരത്തിലേക്ക് പുതിയൊരതിഥി കൂടി. മഹീന്ദ്രയുടെ ബിഇ6 ആണ് അദ്ദേഹം പുതുതായി തന്റെ ഗാരേജിലേക്ക് എത്തിച്ചിരിക്കുന്നത്. കൂലിയിലെ വിജയത്തിന് പിന്നാലെയാണ് താരം പുതിയ സന്തോഷം പങ്കുവച്ചിരിക്കുന്നത്.

ചുവപ്പ് നിറത്തിലുള്ള പുതിയ ഇലക്ട്രിക് എസ്‌യുവിയുമായി നിൽക്കുന്ന അനിരുദ്ധിന്റെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മഹീന്ദ്ര ബിഇ6 ന്റെ ടോപ്പ് എൻഡ് പാക്ക് 3 വേരിയന്റാണിത്. 18.90 ലക്ഷം രൂപ മുതൽ 26.90 ലക്ഷം രൂപ വരെയാണ് വില വരുന്നത്. മഹീന്ദ്രയുടെ എസ്‌യുവികൾ എന്നും സെലിബ്രിറ്റികൾക്ക് പ്രിയങ്കരമാണ്.

അഞ്ച് മോഡലുകളിൽ ബിഇ6 ലഭ്യമാകും. 59kWh, 79kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളോടെയാണ് ബിഇ6 എത്തിയത്. ആക്ടീവ് എയർ വെന്റുകൾ, 20 ഇഞ്ച് വീലുകൾ, ഡ്രോപ്പ്ഡൗൺ എൽഇഡി ഡിആർഎൽ, വെൽക്കം ഫംഗ്ഷനോടുകൂടിയ കണക്ടഡ് എൽഇഡി ടെയിൽ ലാമ്പുകൾ, സ്റ്റിയറിംഗ് വീലിൽ പ്രകാശിതമായ BE ലോഗോ, മെമ്മറി ഫംഗ്ഷനുള്ള ഇലക്ടിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവയുൾപ്പെടെ പ്രീമിയം സവിശേഷതകളാണുള്ളത്.

ഉയർന്ന നിലവാരമുള്ള വാഹനത്തിൽ ഹാർമൻ കാർഡൺ സ്പീക്കർ സിസ്റ്റം, വലിയ ടച്ച്സ്‌ക്രീനുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെവൽ 2 ADAS, ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്ലാമ്പുകളും, HUD, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ഉണ്ട്. ഈ സെഗ്മന്റിലെ ഏറ്റവും കരുത്തുറ്റ ഇലക്ട്രിക് എസ് യുവിയാണിത്. കഴിഞ്ഞ വർഷമാണ് മഹീന്ദ്ര ഈ മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. ഈ വർഷം ഔദ്യോഗിക ഡെലിവറികൾ ആരംഭിച്ചു. വെറും 135 സെക്കൻഡിനുള്ളിൽ ഈ എസ്‌യുവികളെല്ലാം വിറ്റുതീർന്നു.