k-rajan

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന 'എന്റെ ഭൂമി' ഡിജിറ്റൽ റീ സർവെ 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിലായി എട്ട് ലക്ഷം ഹെക്ടറിലധികം ഭൂമിയും അളന്നു കഴിഞ്ഞതായി മന്ത്രി കെ രാജൻ അറിയിച്ചു.

ഇത് അഭിമാനകരമായ നേട്ടമാണ്. റവന്യൂ, സർവെ ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സർവെ ആരംഭിച്ച 529 വില്ലേജുകളിൽ 334 ഇടത്തും ഫീൽഡ് സർവേ പൂർത്തിയായിരിക്കുകയാണ്. ശേഷിക്കുന്ന 195 വില്ലേജുകളിലും സർവേ ജോലികൾ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്.


കേരളത്തിൽ ആകെ ഉള്ളത് 35 ലക്ഷം ഹെക്ടർ ഭൂമിയാണ്. ഇതിൽ ഏഴ് ലക്ഷത്തോളം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടറിൻ്റെ നാലിലൊന്നും അളന്ന് കഴിഞ്ഞിരിക്കുകയാണ്. ഐക്യകേരളത്തിൽ 1966 ൽ റീസർവ്വെ നടപടികൾ ആരംഭിച്ചെങ്കിലും 57 വർഷം പിന്നിട്ടും 911 വില്ലേജുകളിൽ മാത്രമാണ് റീസർവ്വെ നടപടികൾ പൂർത്തീകരിക്കാനായത്.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനപിന്തുണ ഉറപ്പാക്കിയും ഡിജിറ്റൽ റീ സർവെ നടത്താൻ തീരുമാനിക്കുകയായിരുന്നു. 2022 നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഡിജിറ്റൽ റീസർവെ നടപടികൾ ഔപചാരികമായി ആരംഭിച്ചെങ്കിലും, സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത പൂർണമാകാൻ 2023 ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വന്നു. സിഒആർഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആർടികെ, റോവർ, ഇടിഎസ് ഡ്രോൺ, ലിഡാർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ റീസർവെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കി വരികയാണ്.

ആദ്യഘട്ടത്തിലെ 200 വില്ലേജുകളുടെയും 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടാംഘട്ടത്തിലെ 239 വില്ലേജുകളിൽ 119 ഇടങ്ങളിൽ 9 (2) പൂർത്തികരിച്ചു. ഫെബ്രുവരി 14 ന് ആരംഭിച്ച മൂന്നാം ഘട്ടത്തിലെ 200 വില്ലേജുകളിൽ 11 ഇടങ്ങളിൽ സർവെ പൂർത്തീകരിച്ച് 9(2) പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതിവേഗമാണ് ഡിജിറ്റൽ റീ സർവെ നടപടികൾ പുരോഗമിക്കുന്നത്.

വളരെ ചുരുങ്ങിയ കാലയളവിലാണ് ഇത്രയും വലിയ വിസ്തൃതിയിൽ സർവേ പൂർത്തിയാക്കാൻ കഴിഞ്ഞത്. പൊതുജനങ്ങളുടെ സഹകരണവും, ജീവനക്കാരുടെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനവും, പ്രാദേശിക സ്വയംഭരണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും വിലപ്പെട്ട പിന്തുണയും, സർവേ ജാഗ്രത സമിതി അംഗങ്ങളുടെ സജീവ പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഡിജിറ്റൽ റീ സർവെയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. ഡിജിറ്റൽ സർവെ പരിപൂർണമാകുന്നതോടെ അതിർത്തി തർക്കങ്ങളില്ലാത്ത, അയൽ ബന്ധങ്ങൾ ഊഷ്മളമാകുന്ന ഒരു കേരളം സൃഷ്ടിക്കപ്പെടും. ആ സുന്ദര കേരളത്തിനു വേണ്ടി ഡിജിറ്റൽ സർവെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന മുഴുവൻ മലയാളികൾക്കും നന്ദി പറയുന്നതിനൊപ്പം ഓണാശംസകളും നേരുന്നതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.