pm-modi

ബീജിംഗ്: ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനയില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വന്‍ വരവേല്‍പ്പ്. വിമാനത്തിന്റെ പുറത്തിറങ്ങിയ മോദിയെ ചുവപ്പ് പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഉന്നത ചൈനീസ് ഉദ്യോഗസ്ഥര്‍ മോദിയെ സ്വീകരിക്കാന്‍ നേരിട്ടെത്തി. നര്‍ത്തകരും കലാകാരന്‍മാരും അവതരിപ്പിച്ച കലാപരിപാടികളുടെ നടുവിലൂടെയാണ് മോദി നടന്നു നീങ്ങിയത്. ടിയാന്‍ജിന്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ സമൂഹവും ഒത്തുകൂടിയിരുന്നു. വന്ദേമാതരം, ഭാരത് മാതാ കി ജയ് വിളികളോടെയാണ് പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹം വരവേല്‍പ്പ് നല്‍കിയത്.

ഇന്ത്യക്കാരനെ വിവാഹം കഴിച്ച ചൈനീസ് യുവതി കൈക്കുഞ്ഞുമായാണ് മോദിയെ കാണാനെത്തിയത്. ഇന്ത്യയേയും മോദിയേയും താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അവര്‍ പറഞ്ഞു ഇന്ത്യന്‍ പ്രധാനമന്ത്രിയെ നേരിട്ടുകണ്ട സന്തോഷത്തില്‍ തന്റെ കണ്ണുകള്‍ നിറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ചൈനീസ് കലാകാരന്‍മാര്‍ ഇന്ത്യന്‍ കലാരൂപങ്ങള്‍ അവതരിപ്പിച്ചതും ചടങ്ങിന് മോടികൂട്ടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈനയിലെത്തിയ മോദിക്ക് വന്‍ സ്വീകരണമൊരുക്കിയതിലൂടെ അമേരിക്കയ്ക്ക് കൃത്യമായ സന്ദേശമാണ് ചൈന നല്‍കുന്നത്.

ഞായറാഴ്ചയാണ് നരേന്ദ്ര മോദി - ഷീ ജിന്‍ പിംഗ് കൂടിക്കാഴ്ച നടക്കുന്നത്. തീരുവ വിഷയത്തില്‍ ചൈനയും ഇന്ത്യയും അമേരിക്കയുമായി ഉടക്കി നില്‍ക്കുന്നവരാണ്. അമേരിക്കയുടെ ഏകപക്ഷീയ നടപടിക്കെതിരെ ശത്രുത മറന്ന് ഇന്ത്യയും ചൈനയും ഒന്നിക്കുകയും ഒപ്പം റഷ്യയും കൂടുമ്പോള്‍ അത് ആഗോള് രാഷ്ട്രീയത്തിന്റെ പുതിയ ദിശാസൂചികയായി മാറുന്നുവെന്നതാണ് കൂടിക്കാഴ്ചയുടെ ഏറ്റവും വലിയ സവിശേഷത.

രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തിയത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സമയം നാളെ രാവിലെ ഒമ്പതരയ്ക്ക് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിനെ കാണും. 45 മിനിറ്റ് കൂടിക്കാഴ്ചയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്.