liquior-

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശമദ്യം മറിച്ചുവിറ്റ ഡ്യൂട്ടിഫ്രീ ഷോപ്പിനെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി. യാത്രക്കാരുടെ പാസ്പോർട്ട് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ രഹസ്യമായി ചോർത്തിയാണ് തട്ടിപ്പ് നടത്തിയത്.

കൊച്ചിയിലെ കമ്മിഷണറേറ്റ് ഒഫ് കസ്റ്റംസിന്റെ (പ്രിവന്റീവ്) പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ യാത്രക്കാരിൽ നിന്ന് ആദ്യപടിയായി വിശദാംശങ്ങൾ ശേഖരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവ‌ർത്തിക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പാണ് രണ്ടുമാസമായി തട്ടിപ്പ് നടത്തുന്നത്. യാത്രക്കാർ എത്തുമ്പോൾ സൗജന്യമായി ശീതളപാനീയങ്ങളും മറ്റും നൽകി സത്കരിക്കുകയും പാസ്പോർട്ട് വാങ്ങി സ്കാൻചെയ്ത് മടക്കിനൽകുകയും ചെയ്യും. തുടർന്ന് അവരുടെ അറിവും സമ്മതവുമില്ലാതെ പാസ്പോർട്ട് നമ്പരുപയോഗിച്ച് മറ്റ് യാത്രക്കാർക്ക് അളവിലധികം മദ്യം നൽകുകയാണ് പതിവെന്ന് കസ്റ്റംസ് കണ്ടെത്തി. ആദ്യഘട്ടത്തിൽ ഒക്യുറൻസ് റിപ്പോർട്ട് തയ്യാറാക്കിയ ശേഷമാണ് യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. അടുത്തഘട്ടത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.