money

അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും

കൊച്ചി: ക്രൂഡോയില്‍ സംസ്‌കരണം, വിപണന ശൃംഖലയുടെ വിപുലീകരണം തുടങ്ങിയ മേഖലകളില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി) ഒരുങ്ങുന്നു. പെട്രോകെമിക്കല്‍സ്, പ്രകൃതിവാതകം, പാരമ്പര്യേതര ഊര്‍ജം എന്നീ മേഖലകളിലും വിപുലമായ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ഐ.ഒ.സി ചെയര്‍മാന്‍ അര്‍വിന്ദര്‍ സിംഗ് സാഹ്നി പറഞ്ഞു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐ.ഒ.സിയുടെ പ്രതിവര്‍ഷ റിഫൈനിംഗ് ശേഷി 807.5 ലക്ഷം ടണ്ണില്‍ നിന്ന് 984 ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. പാനിപ്പട്ട്, ഗുജറാത്ത്, ബറൗണി എന്നിവിടങ്ങളിലെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കും. വിപണന ശൃംഖല വിപുലീകരിക്കുന്നതിനായി പൈപ്പ്‌ലൈന്‍ നെറ്റ്വര്‍ക്ക് 22,000 കിലോമീറ്ററായി ഉയര്‍ത്തും.

ഹരിതോര്‍ജത്തിന് പ്രാമുഖ്യം

2046ല്‍ കാര്‍ബണ്‍ മലിനീകരണം പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ട് 2.5 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഹരിത ഹൈഡ്രജന്‍, സുസ്ഥിര വിമാന ഇന്ധനം, പുനരുപയോഗ ഇന്ധന ഉത്പാദനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.