മലപ്പുറം: മഴ കനത്തതോടെ വൈറൽ പനിയുടെ പിടിയിലാണ് ജില്ല. വിവിധ ആശുപത്രികളിൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ ദിനംപ്രതി എണ്ണം 2,000 കവിഞ്ഞിട്ടുണ്ട്. മൺസൂൺ തുടങ്ങിയ ശേഷം പനി ബാധിതരുടെ എണ്ണം തുടർച്ചയായി കൂടുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഒരാഴ്ചക്കിടെ 12,977 പേർ ചികിത്സ തേടി. ഇതിൽ 37 പേർക്ക് കിടത്തി ചികിത്സ വേണ്ടി വന്നു. ക്ലിനിക്കുകളിലും അലോപ്പതി ഇതര ചികിത്സ തേടുന്നവരുടെയും എണ്ണവും കൂടാതെയാണ് ഈ കണക്ക്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ പനി വിവരങ്ങൾ മാത്രമാണ് കൃത്യമായി രേഖപ്പെടുത്താറുള്ളത്. ഒരുവീട്ടിൽ ഒരാൾക്ക് വൈറൽ പനി ബാധിച്ചാൽ മുഴുവൻ കുടുംബാംഗങ്ങളിലേക്കും രോഗം പടരുന്ന സ്ഥിതിവിശേഷമുണ്ട്. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതൽ എടുക്കാത്തതുമാണ് രോഗപ്പകർച്ച കൂട്ടുന്നത്. പനി ഭേദമാവാതെ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന പ്രവണതയും രോഗം പടർത്തുന്നുണ്ട്, പ്രത്യേകിച്ചും ചെറിയ കുട്ടികൾക്കിടയിൽ. മാസ്‌ക് ധരിക്കുന്നതിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെങ്കിലും മിക്കവരും ഇതിന് തയ്യാറാവുന്നില്ല.

അലംഭാവം അരുത്

ജില്ലയിൽ ഡെങ്കി കേസുകളും വർദ്ധിക്കുന്നുണ്ട്. പരിസര ശുചീകരണത്തിൽ ഉൾപ്പെടെ പുലർത്തുന്ന അലംഭാവം ഡെങ്കി കൊതുകൾ പെരുകുന്നതിന് വഴിയൊരുക്കുന്നുണ്ട്. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനിൽക്കുന്നതും ഡെങ്കി കൊതുകുകളുടെ വ്യാപനത്തിന് അനുകൂലമാണ്. വീടിന് പുറത്ത് മാത്രമല്ല വീട്ടകങ്ങളിലും പ്രത്യേകിച്ചും ഫ്രിഡ്ജുകളുടെ അടിഭാഗം, ചെടിച്ചട്ടികൾ തുടങ്ങിയ ഇടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ജില്ലാ ആരോഗ്യ വകുപ്പ് ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനങ്ങളിൽ നിന്നുള്ള അംലഭാവം തിരിച്ചടിയാണ്.

ഒരാഴ്ചക്കിടെ 128 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാവന്നൂർ, കുറ്റിപ്പുറം, തൃപ്പങ്ങോട്, അരീക്കോട്, അത്താണിക്കൽ, തുവ്വൂർ, വളാഞ്ചേരി, ഏലംകുളം, ആലിപ്പറമ്പ, പുഴക്കാട്ടിരി, തൃക്കലങ്ങോട്, വേട്ടേക്കോട്, തൃപ്പനച്ചി, തിരുവാലി, മൊറയൂർ, ഊർങ്ങാട്ടിരി എന്നിവിടങ്ങളിലാണ് രോഗ ബാധിതരുള്ളത്. എലിപ്പനി കേസുകൾ കുറഞ്ഞിട്ടുണ്ട്. 13 പേരെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നെടിയിരുപ്പ്, മംഗലശ്ശേരി എന്നിവിടങ്ങളിലായി രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കരുതണം മഞ്ഞപ്പിത്തം


ഒരാഴ്ചക്കിടെ 43 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. മലിനമായ വെള്ളത്തിലൂടെയാണ് പ്രധാനമായും മഞ്ഞപ്പിത്തം പടരുന്നത്. പലപ്പോഴും രണ്ട് മുതൽ ആറ് ആഴ്ച വരെ ഇടവേളകളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവാറുള്ളത്. കൃത്യസമയത്ത് രോഗം തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ ചികിത്സ തേടിയില്ലെങ്കിൽ മരണത്തിന് വരെ മഞ്ഞപ്പിത്തം കാരണമായേക്കാം. കൃത്യമായ വിശ്രമവും രോഗശമനത്തിന് അനിവാര്യമാണ്.