മലപ്പുറം: വെളിച്ചെണ്ണയുടെ വില വർദ്ധനവിനൊപ്പം പച്ചക്കറികൾക്കും വില ഉയർന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു. ഭൂരിഭാഗം പച്ചക്കറികളുടെയും വിലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴ കാരണം ഉല്പാദനം കുറഞ്ഞതാണ് പ്രധാന കാരണം. മഴയിൽ പ്രാദേശിക പച്ചക്കറി കൃഷികളിൽ പലതും നശിച്ചുപോയതും വിനയായി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തിക്കുന്നത്. മഴ കനത്താൽ ഇനിയും വില വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് വ്യാപാരികൾ പറയുന്നത്. ഓണത്തിന് ഒരുമാസം മാത്രം ശേഷിക്കേ ഇനിയും വില വർദ്ധിക്കുമോ എന്ന ആശങ്കയിലാണ് സാധാരണക്കാർ.

എങ്ങോട്ടാണീ പോക്ക്?

അതേസമയം, നാളികേര ഉല്പാദനം കുറഞ്ഞതോടെ വെളിച്ചണ്ണയുടെ വിലയും വലിയ തോതിൽ വർദ്ധിച്ചു. നിലവിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 450 ആണ്. മലപ്പുറം, പാലക്കാട് ജില്ലകളിലെ ചെറുകിട കർഷകരിൽ നിന്നും തമിഴ്‌നാട് , മൈസൂർ, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് ജില്ലയിലേക്ക് പ്രധാനമായും നാളികേരം ഇറക്കുമതി ചെയ്യുന്നത്. തെങ്ങുകൾക്ക് രോഗങ്ങൾ വ്യാപിച്ചതോടെ കൂലിച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാലും വളത്തിന്റെ വില വർദ്ധനവും കാരണം നിരവധി കർഷകർ തെങ്ങ് കൃഷി ചെയ്യാൻ മടിക്കുന്ന സാഹചര്യവും നിലവിലുണ്ട്. വെളിച്ചെണ്ണയ്ക്ക് വില വർദ്ധിച്ചതോടെ പാമോയിൽ, സൺഫ്ളവർ ഓയിലുകൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്.

പച്ചക്കറികളുടെ ചില്ലറ വ്യാപാര വില


ബീൻസ് - 80
കാരറ്റ്-74
ഇഞ്ചി - 100
വെളുത്തുള്ളി-140
ചെറിയ ഉള്ളി-80
സവോള-25

കോവയ്ക്ക-70
പയർ-60
കയ്പക്ക-60
വെണ്ടയ്ക്ക-60

പടവലം-60

നേന്ത്രക്കായ-55

നാരങ്ങ-50
തക്കാളി-40
ഉരുളക്കിഴങ്ങ് - 34

കോളിഫ്ലവർ-40

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും വില വർദ്ധനവിന് കാരണമായി. മഴ കനത്താൽ ഇനിയും വില വർദ്ധിക്കാം.
എം വെജിറ്റബിൾസ് മലപ്പുറം