കാളികാവ്: കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിച്ച് പ്രവൃത്തി നടക്കുന്ന മലയോര ഹൈവേയിലെ ചെങ്കോട്, കല്ലാമൂല പാലങ്ങളുടെ പുനർനിർമ്മാണ നടപടികൾ എങ്ങുമെത്തിയില്ല. ചെങ്കോട് പാലത്തിലേക്ക് പ്രവേശിക്കുന്ന ഇരുഭാഗങ്ങളിലും റോഡ് തകർന്ന് കുളം പോലെയായിട്ടുണ്ട്. പാലങ്ങളുടെ നിർമ്മാണത്തിന് കഴിഞ്ഞ മാർച്ചിൽ ടെൻഡർ നടപടി പൂർത്തിയായിരുന്നു. ഇരു പാലങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിന്റെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായി 6.54 കോടി രൂപയ്ക്ക് ടെൻഡര്‍ ചെയ്തതായി എ.പി.അനില്‍കുമാര്‍ എം.എല്‍.എ. നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പുനർനിർമ്മാണം തുടങ്ങിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലം ജീർണ്ണിച്ച് വീതി കുറവായതിനാലാണ് പൊളിച്ചു പണിയേണ്ടി വരുന്നത്. പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനു മാത്രമേ കടന്നു പോകാനാവൂ. ചെങ്കോട് പാലത്തിന്റെ ഇരുപുറത്തും റോഡിന്റെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ പാലം നവീകരിക്കാത്തതിനാൽ തെക്ക് ഭാഗത്ത് പാലത്തിൽ പ്രവേശിക്കുന്നിടത്ത് വലിയ കുഴികളാണ്. ഇതുകാരണം വേഗതയിലെത്തുന്ന വാഹനങ്ങൾ ഇടക്കിടെ അപകടത്തിൽപെടുന്നതും നിത്യസംഭവമാണ്.