കോട്ടക്കൽ: അത്യാധുനിക സൗകര്യമുള്ള സ്‌കൂൾ കെട്ടിടം വേണമെന്ന അഭ്യർത്ഥനയുമായി മന്ത്രിമാമനെ കാണാനെത്തി വിദ്യാർത്ഥികൾ. കോട്ടക്കൽ ജി.എൽ.പി സ്‌കൂളിലെ നാലാം തരം വിദ്യാർത്ഥികളായ ആർ.എസ്. ശ്രീദേവ് , കെ.എം.ആരതി കൃഷ്ണ, കെ.പാർവ്വതി എന്നിവരാണ്,​ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ജില്ലയിലെത്തിയ മന്ത്രിയെ മലപ്പുറത്തെത്തി കണ്ടത്. സ്‌കൂളിന് 119 വർഷത്തെ പഴക്കമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പോലും സ്കൂളിൽ കൊണ്ടുവരാനാവാത്ത അവസ്ഥ കുട്ടികൾ മന്ത്രിയെ അറിയിച്ചു. ഈ വർഷത്തെ ഫണ്ടെല്ലാം തീർന്ന് പോയെന്നും മറ്റ് സ്‌കൂളുകൾക്കനുവദിച്ച ഫണ്ടുകളിൽ നടപ്പാക്കാൻ കഴിയാത്തതുണ്ടെങ്കിൽ അനുവദിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി. സ്‌കൂളിൽ ഉച്ചഭക്ഷണം നന്നായി ലഭിക്കുന്നുണ്ടോ എന്ന മന്ത്രിയുടെ കുസൃതിച്ചോദ്യത്തിന് വിഭവങ്ങളുടെ പേരെണ്ണിപ്പറഞ്ഞ് കുട്ടികൾ മറുപടി നൽകി. സ്‌കൂൾ മുൻ പി.ടി.എ പ്രസിഡന്റ് മഠത്തിൽ രവിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്, സ്‌കൂൾ ഹെഡ്‌മിസ്ട്രസ് എ.സുധ, പി.ടി.എ പ്രസിഡന്റ് പി.പ്രവീൺ, എസ്.എം.സി ചെയർമാൻ കെ.പ്രബീഷ്, സുനിൽ വാരിയർ,​ അദ്ധ്യാപകനായ കെ.യാസർ അറഫാത്ത് എന്നിവരുമുണ്ടായിരുന്നു