മലപ്പുറം: കനത്ത മഴയും നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പെരുമാറ്റ ചട്ടവും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവൃത്തികളുടെ വേഗം കുറച്ചു. സാമ്പത്തിക വർഷം നാല് മാസം പിന്നിട്ടിട്ടും ഇതുവരെ 9.64 ശതമാനം തുക മാത്രമാണ് വിനിയോഗിക്കാനായത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 20 ശതമാനം പിന്നിട്ടിരുന്നു പദ്ധതി പ്രവൃത്തികൾ. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി വന്നതോടെ തദ്ദേശ വകുപ്പിലെ ജീവനക്കാർ കൂടുതൽ തിരക്കിലാണ്. നവംബറോടെ തദ്ദേശ തിരഞ്ഞെടുപ്പിന് കേളിക്കെട്ടുയരും. ഇതിന് മുമ്പെ പരമാവധി പ്രവൃത്തികൾ പൂർത്തിയാക്കുക എന്ന ഭരണസമിതികളുടെ ലക്ഷ്യം നിലവിലെ സാഹചര്യത്തിൽ ഏറെ പ്രയാസകരമാവും. മഴ കനത്തതോടെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട തുകകൾ ചെലവഴിക്കാനും സാധിക്കുന്നില്ല.

2025- 26 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവൃത്തികൾക്കായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 925.11 കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്. ഇതുവരെ 89.14 കോടി രൂപയാണ് ചെലവഴിച്ചത്. 9.64 ശതമാനം. പദ്ധതി തുക ചെലവഴിക്കലിൽ സംസ്ഥാനത്ത് മലപ്പുറം അഞ്ചാം സ്ഥാനത്താണ്. ജനറൽ പദ്ധതികൾക്കായി 515.27 കോടി രൂപ വകയിരുത്തിയപ്പോൾ ചെലവഴിച്ചത് 59.41 കോടി രൂപയാണ്. എസ്.സി.പി പദ്ധതികൾക്കുള്ള 146 കോടിയിൽ 14.98 കോടിയും ടി.എസ്.പി പദ്ധതികളുടേതിൽ 10.06 കോടിയിൽ 52 ലക്ഷം രൂപയുമാണ് ഇതുവരെ ചെലവഴിച്ചത്.

20 ശതമാനം പിന്നിട്ടത്

ജില്ലയിലെ 11 തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി വിഹിതം 20 ശതമാനം ചെലവഴിച്ചിട്ടുണ്ട്. ചെറിയമുണ്ടം, കീഴുപറമ്പ, താഴേക്കോട്, എടക്കര, കോഡൂർ, ഒഴൂർ, പൂറത്തൂർ, ആലിപ്പറമ്പ, പോരൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തിരൂർ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തുകളുമാണ് പ്രതിസന്ധികൾക്കിടയിലും മുന്നേറ്റം കാഴ്ചവെച്ചത്. മുനിസിപ്പാലിറ്റികളിൽ 19.41 ശതമാനം തുക ചെലഴിച്ച് നിലമ്പൂർ ആണ് മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള പെരിന്തൽമണ്ണ 13.37 ശതമാനം തുകയേ ചെലവഴിച്ചിട്ടുള്ളൂ. തിരൂരങ്ങാടി - 4.22, പരപ്പനങ്ങാടി - 4.15, താനൂർ - 3.88, മലപ്പുറം - 2.59 ശതമാനം എന്നിങ്ങനെ മാത്രം തുക ചെലവഴിച്ച് പദ്ധതി പ്രവൃത്തികളിൽ ഏറെ പിന്നിലാണ്. ഗ്രാമപഞ്ചായത്തുകളിൽ പെരുമ്പടപ്പും അങ്ങാടിപ്പുറവും ആണ് ഏറ്റവും പിന്നിൽ. യഥാക്രമം 0.93, 0.91 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്.


പഞ്ചായത്ത് ........... ശതമാനം
ചെറിയമുണ്ടം - 22.72
കീഴുപറമ്പ - 22.73
താഴേക്കോട് - 22.22
എടക്കര - 21.69
കോഡൂർ - 21.58
ഒഴൂർ - 21.39
പുറത്തൂർ - 21.22
ആലിപ്പറമ്പ - 20.97
പോരൂർ - 20.74