മലപ്പുറം: വർഷം ആറായെങ്കിലും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ...എന്നാൽ ദുരന്തത്തിന്റെ ഓർമ്മകളിൽ നിന്നുള്ള അതിജീവനം പ്രയാസകരമാണെന്നാണ് ഇവരെല്ലാം പറയുന്നത്. ആ ദുരന്ത രാത്രി ഓർക്കുമ്പോൾ കണ്ണിൽ ഇരുട്ട് പടരും...കണ്ണീരൊഴുകും...പിന്നെ കുറച്ച് നേരത്തേക്ക് മൗനം മാത്രം.
2019 ആഗസ്റ്റ് എട്ടിന് പെയ്ത തോരാമഴയിൽ കവളപ്പാറയിലെ മുത്തപ്പൻ മലയിലെ ഒരുഭാഗം അടർന്ന് കുത്തിയൊലിച്ച് ഒരു ഗ്രാമത്തേയും 59 ജീവനുകളെയുമാണ് കവർന്നെടുത്തത്. കണ്ടെടുക്കാനാവാതെ 11 പേർ മണ്ണിനടിയിൽ എവിടെയോ ഇപ്പോഴും ഉറങ്ങുന്നുണ്ടെന്ന വിശ്വാസത്തിലാണ് ഉറ്റവരും ഉടയവരും. മലയുടെ താഴ്ഭാഗത്ത് ദുരന്തത്തിന്റെ ശേഷിപ്പുകളെന്ന പോലെ മൺകൂനകൾ ഇന്നും കാണാം.
ഭീതിയിൽ 72 കുടുംബങ്ങൾ
മഴയൊന്ന് ശക്തി പ്രാപിച്ചാൽ കവളപ്പാറ ദുരന്തഭൂമിയുടെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന 72 കുടുംബങ്ങളിലും ഭീതി കനക്കും. ദുരന്ത ഭീഷണി നേരിടുന്ന മുത്തപ്പൻകുന്നിന് 200 മീറ്റർ ചുറ്റളവിലുള്ള 186 കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചപ്പോഴും 72 കുടുംബങ്ങൾ ദുരന്ത ഭൂമിയുടെ പരിസര പ്രദേശങ്ങളിലുണ്ട്. മഴ ശക്തി പ്രാപിച്ചാൽ കവളപ്പാറ ദുരന്തം ആവർത്തിക്കുമോ എന്ന ചിന്ത ഓടിയെത്തും. പിന്നെ ഉറങ്ങാൻ സാധിക്കില്ല. വീണ്ടും ദുരന്തം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ പൂർണ്ണ പുനരധിവാസം ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ കേസ് നൽകിയെങ്കിലും തീരുമാനമായില്ല. 25 ആദിവാസി കുടുംബങ്ങളും 30 ജനറൽ വിഭാഗം കുടുംബങ്ങളും മുത്തപ്പൻമലയ്ക്ക് താഴ്വാരത്തും ശേഷിക്കുന്ന 17 കുടുംബങ്ങൾ കവളപ്പാറ തോടിന് ഇരുവശങ്ങളിലുമായാണ് താമസിക്കുന്നത്.
മുത്തപ്പൻ മലയുടെ 40 ശതമാനം മാത്രമാണ് ഇടിഞ്ഞിട്ടുള്ളത്. ശേഷിക്കുന്ന ഭാഗം ഏത് നിമിഷവും ഇടിയാമെന്ന മുന്നറിയിപ്പോടെ നിലനിൽക്കുന്നുണ്ട്. മഴ കനത്താൽ പ്രദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാനുള്ള അധികൃതരുടെ ഉത്തരവെത്തും. മഴയൊന്ന് അടങ്ങിയാൽ തിരികെ തങ്ങളുടെ മണ്ണിലേക്ക്. കഴിഞ്ഞ നാല് വർഷമായുള്ള പതിവ് കാഴ്ചയാണിത്.
ദുരന്ത പ്രദേശത്ത് ആളൊഴിഞ്ഞ് കാട് പിടിച്ചതിനാൽ ഇടയ്ക്ക് ആനകളെത്താറുണ്ട്. ഇടയ്ക്ക് ജനവാസ പ്രദേശങ്ങളിലും ആനകളെ കണ്ടവരുണ്ട്.
തിരിച്ച് പിടിക്കണം കൃഷിഭൂമി
കവളപ്പാറ ദുരന്തത്തിൽ കല്ലും മണ്ണും ഒഴുകിയെത്തി നിരവധി കർഷകരുടെ കൃഷി ഭൂമിയാണ് നശിച്ചത്. 33 കർഷകരുടെ 25 ഏക്കർ കൃഷിഭൂമി കൃഷിയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ദുരന്തം നടന്ന് അഞ്ച് വർഷം കഴിഞ്ഞപ്പോഴാണ് കൃഷിയോഗ്യമാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയത്. ജില്ലാ കളക്ടർ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. അര ഏക്കർ മുതൽ മൂന്നര ഏക്കർ വരെ നഷ്ടപ്പെട്ടവരുണ്ട്. റബർ, കശുമാവ് കൃഷിയായിരുന്നു ഏറെയും.
വീടൊരുങ്ങി
ദുരന്തം നടന്ന 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് ആദ്യഘട്ട പുനരധിവാസമെന്നോണം വീടുകൾ നിർമ്മിച്ച് നൽകിയത്. തുടർന്ന് 25 കുടുംബങ്ങളെയും കൂടി പട്ടികയിൽ ഉൾപ്പെടുത്തി വീടൊരുക്കി. ഇതിൽതന്നെ സംസ്ഥാന സർക്കാരിന്റെ ആറ് ലക്ഷം രൂപ വീതം ഉപയോഗിച്ച് 33 കുടുംബങ്ങളുടെ പേരിൽ ഭൂദാനത്ത് വാങ്ങിയ ഭൂമിയിൽ വീട് വച്ച് നൽകിയത് വ്യവസായി എം.എ.യൂസഫലി ആണ്. പി.വി.അബ്ദുൽ വഹാബ് എം.പിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്നതിനിടെ അദ്ദേഹവും മൂന്ന് വീടുകൾ നിർമ്മിച്ച് നൽകി. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ആനക്കല്ലിലും ഞെട്ടിക്കുളത്തുമെല്ലാമായി വീടുകളൊരുങ്ങി.
ഓരോ വീടുകളിലേക്കും 12 അടി വീതിയിലുള്ള റോഡ് സൗകര്യമുണ്ട്. കൂടാതെ, കുടിവെള്ളവും ഫർണ്ണിച്ചറും തെരുവുവിളക്കുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്. 186 വീടുകൾ ദുരന്തം എത്തിനോക്കാത്ത ഇടങ്ങളിൽ ഉയർന്നുവന്നു.