മലപ്പുറം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഷവർമ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മലപ്പുറം ജില്ലയിൽ നടത്തിയ ഷവർമ്മയുടെ ഗുണനിലവാര പരിശോധനയിൽ 31 സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ ശുപാർശ. 136 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിംഗിന് ശേഷം പിഴത്തുക നിശ്ചയിക്കും. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു പരിശോധന നടത്തിയത്. എല്ലാ സർക്കിളുകളിലും അഞ്ച് വീതം സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്. വൈകീട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയായിരുന്നു പരിശോധന .

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷവർമ്മ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരിശോധനകളും നടന്നു

മാർഗ്ഗ നിർദ്ദേശങ്ങൾ

വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ്മ തയ്യാറാക്കാനോ വിൽക്കാനോ പാടില്ല. കൂടാതെ, ഷവർമ്മ തയ്യാറാക്കുന്ന സ്ഥലം, ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ച വിശദമായ മാർഗ നിർദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.

പാഴ്സലിൽ തിയ്യതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.

ഭക്ഷണം തയ്യാറാക്കുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.


ചിക്കൻ നന്നായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ബാക്ടീരിയ വളരാൻ സാദ്ധ്യത കൂടുതലാണ്. ഈ ബാക്ടീരിയ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്. ഷവർമ്മ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണം. അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കും.
സുജിത് പെരേര, അസിസ്റ്റന്റ് ഫുഡ് കമ്മിഷണർ

ആകെ പരിശോധന - 136

പിഴ ഈടാക്കിയ സ്ഥാപനങ്ങൾ - 31

അടച്ച് പൂട്ടിയവ - 2