തിരൂർ: തിരൂരിനും തിരുനാവായക്കും ഇടയിലുള്ള കുറ്റൂർ റെയിൽവേ ലെവൽ ക്രോസിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ച ക്രോസ് ബാരിയറിൽ വാഹനമിടിച്ച് കേടുപാടുകൾ സംഭവിക്കുന്നത് തുടർക്കഥയാകുന്നു. ആറ് മാസത്തിനിടെ അഞ്ച് തവണയാണിത് മാറ്റിസ്ഥാപിച്ചത്. പല തവണകളിലായി വാഹനങ്ങളിടിച്ച് ബാരിയറിന് സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.

നേരത്തേ ഗേറ്റ് കീപ്പർ കൈകൊണ്ട് തിരിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്തിരുന്ന ബാരിയറായിരുന്നു. എന്നാൽ ആറ് മാസത്തോളമായി സ്വിച്ചിൽ പ്രവർത്തിക്കുന്ന വൈദ്യുത മോട്ടോർ ഘടിപ്പിച്ച ഇ.ഒ.എൽ.ബി സംവിധാനമാണ് നിലവിലുള്ളത്. തീവണ്ടി കടന്നുപോകാനായി ബാരിയർ താഴ്ത്തിത്തുടങ്ങിയാൽ ലെവൽക്രോസിൽ സൈറൺ മുഴങ്ങും. ഏതാനും സെക്കൻഡുകൾക്കകം തന്നെ ബാരിയറുകൾ പൂർണമായും താഴും. ഈ സമയം ലെവൽക്രോസിലെത്തിയ വാഹനങ്ങൾ നിറുത്തി ബാരിയർ പൊങ്ങുന്നത് വരെ കാത്തിരിക്കണം. എന്നാൽ പലരും ഇത് ഗൗനിക്കാതെ അശ്രദ്ധമായി വാഹനം മുന്നോട്ടെടുക്കുകയും ബാരിയറിലിടിച്ച് കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. പുതിയ സംവിധാനം വന്നയുടൻ നിരവധി വാഹനങ്ങൾ മുന്നറിയിപ്പുകൾ ലംഘിച്ച് അപകടം വരുത്തിവെച്ചിരുന്നു. എന്നാൽ റെയിൽവേ കനത്ത പിഴ ഈടാക്കിത്തുടങ്ങിയതോടെ താരതമ്യേന അപകടങ്ങൾ കുറഞ്ഞുവെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ചെറിയ അശ്രദ്ധക്ക് പിഴ ഒരു ലക്ഷം രൂപ വരെ

തിരൂർ: റെയിൽവേ ക്രോസുകളിൽ അശ്രദ്ധമായി വാഹനമോടിച്ച് ബാരിയറിലിടിച്ച് കേടുപാടുകൾ സംഭവിച്ചാൽ കനത്ത പിഴയാണ് കാത്തിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് റെയിൽവേ നിർദ്ദേശം.

നിലവിൽ കുറ്റൂർ റെയിൽവേ ക്രോസിൽ മാത്രം അഞ്ചിലധികം തവണയാണ് പിഴ ഈടാക്കിയത്. 20000ന് മുകളിലാണ് ഓരോ തവണയും പിഴയൊടുക്കേണ്ടിവന്നത്.

കഴിഞ്ഞ ദിവസം തിരൂർ സെക്ഷനിലെ ചെട്ടിപ്പടിയിൽ ബാരിയറിൽ വാഹനമിടിച്ച് കേടുപാടുകൾ സംഭവിച്ചതിനാൽ വാഹന ഉടമയിൽ നിന്ന് 28,​000 രൂപ പിഴ ഈടാക്കിയിരുന്നു.

റെയിൽവേ സെക്ഷൻ സൂപ്പർവൈസർക്കാണ് പിഴചുമത്താനുള്ള അധികാരം. സംഭവിച്ച കേടുപാടുകൾ വിലയിരുത്തി അത് പുനഃസ്ഥാപിക്കാനുള്ള ചെലവ് കണക്കുകൂട്ടിയാണ് നിലവിൽ പിഴ നിശ്ചയിക്കുന്നത്.

21,​000 രൂപയ്ക്ക് മുകളിൽ തുക വരും ബാരിയറിന് മാത്രം കേടുപാടുകൾ സംഭവിച്ചാൽ മാറ്റിസ്ഥാപിക്കാനുള്ള ചെലവ്.