മലപ്പുറം: ജില്ലാ ആസ്ഥാനത്ത് മികച്ച സൗകര്യങ്ങളോടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായിട്ടും വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. മികച്ച വരുമാനം ലഭിച്ചിരുന്ന പല സര്‍വീസുകളും കൊവിഡിന് പിന്നാലെ നിറുത്തിയിരുന്നു. ബസ് ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമായതോടെ വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. 20 സര്‍വീസുകള്‍ ഉണ്ടായിരുന്ന തിരൂര്‍ -മലപ്പുറം- മഞ്ചേരി റൂട്ടില്‍ ഒരു ലോഫ്‌ളോര്‍ ബസ് അടക്കം എണ്ണപ്പെട്ട സര്‍വീസുകളാണ് നി ലവിലുള്ളത്. ഇതുതന്നെ യാത്രക്കാരുടെ മുറവിളിക്ക് ശേഷം അടുത്തിടെ തുടങ്ങിയതാണ്. ഓരോ പത്ത് മിനിറ്റ് ഇടവേളകളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടാണിത്. ഏറെ വരുമാന സാദ്ധ്യതയുള്ള ഈ റൂട്ടില്‍ വെട്ടിച്ചുരുക്കിയ സര്‍വീസുകള്‍ പോലും പുനഃസ്ഥാപിക്കാന്‍ തയ്യാറാവാത്തത് സ്വകാര്യബസുകളെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്.
യാത്രക്കാരുടെ എണ്ണത്തിൽ മുന്നിലുള്ള മഞ്ചേരി- മലപ്പുറം - പരപ്പനങ്ങാടി റൂട്ടില്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് പോലും സര്‍വീസ് നടത്തുന്നില്ല. സ്വകാര്യ ബസുകളുടെ കുത്തക റൂട്ടായി ഇത് മാറിയിട്ടുണ്ട്. വേങ്ങര, കക്കാട് വഴി യൂണിവേഴ്‌സിറ്റിയിലേക്കും തിരിച്ചുമുള്ള ഒരുസര്‍വീസ് മാത്രമാണ് ഭാഗികമായെങ്കിലും ഈ റൂട്ടില്‍ ഓടുന്നത്. നിറയെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ബസാണിത്. ഓരോ അരമണിക്കൂറിലും മലപ്പുറം വഴി കോഴിക്കോട് - പാലക്കാട് റൂട്ടില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത് ഇപ്പോള്‍ മണിക്കൂറുകള്‍ കൂടുമ്പോള്‍ ഒരു ബസ് എന്നതിലേക്ക് ചുരുക്കിയിട്ടുണ്ട്. രാവിലെയും വൈകിട്ടും കോഴിക്കോട്ടേക്കും തിരിച്ചും കൂടുതല്‍ സര്‍വീസ് നടത്തണമെന്ന ആവശ്യം സ്ഥിരംയാത്രക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. യാത്രക്കാരെ കുത്തിനിറച്ചാണ് ഈ സമയങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത്. മലപ്പുറം- ബംഗളൂരു, മലപ്പുറം- മധുര, മലപ്പുറം- ഗുരുവായൂര്‍ -എറണാകുളം, അരീക്കോട് - മുക്കം- താമരശ്ശേരി ദീര്‍ഘദൂര സര്‍വീസുകള്‍, മലപ്പുറം - നെടുമ്പാശ്ശേരി ലോഫ്‌ളോര്‍ സര്‍വീസ് എന്നിവ നിലച്ചിട്ടും പുനഃരാരംഭിച്ചിട്ടില്ല. മലപ്പുറം- പെരിന്തല്‍മണ്ണ- വളാഞ്ചേരി, പെരിന്തല്‍മണ്ണ-മലപ്പുറം- കോട്ടക്കല്‍ റൂട്ടിലും നിലവില്‍ സര്‍വീസ് നടത്തുന്നില്ല.
എവിടെ ഓര്‍ഡിനറി
ജില്ലയില്‍ 77 ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം. മലപ്പുറം ഡിപ്പോ - 19, പെരിന്തല്‍മണ്ണ - 22, നിലമ്പൂര്‍ - 15, പൊന്നാനി - 21 എന്നിങ്ങനെ ആണിത്. പൊന്നാനി - തിരൂര്‍ റൂട്ടില്‍ പത്തോളം ബസുകള്‍ മാത്രമാണ് ഓര്‍ഡിനറിയായി ഓടുന്നത്. സര്‍വീസ് നടത്തുന്ന മറ്റ് ബസുകള്‍ ടൗണ്‍ ടു ടൗണ്‍ മാതൃകയിലാണ് ഓടുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ഒഴിവാക്കാനുള്ള വിദ്യയാണ് ഇതെന്ന ആക്ഷേപം ശക്തമാണ്. കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തണമെന്ന ആവശ്യം മലയോര മേഖലയില്‍ നിന്ന് ശക്തമായിട്ടും ഇതിന് തയ്യാറാവാത്ത അധികൃതര്‍ ഉള്ള സര്‍വീസുകള്‍ തന്നെ വഴിമാറ്റുന്നെന്നാണ് ആരോപണം.