കാളികാവ്: കാളികാവ് സി.എച്ച്.സിയിൽ ലക്ഷങ്ങൾ മുടക്കി
നിർമ്മാണം പൂർത്തിയാക്കിയ ബഹുനില കെട്ടിടം നോക്കുകുത്തിയായി. കെട്ടിടത്തിൽ തുടങ്ങാൻ ഫണ്ടനുവദിച്ച ഹബ്ബ് ലാബ് പോലും തുടങ്ങാനായില്ല.
താഴത്തെ നിലയിൽ ലാബും മുകളിൽ വാർഡുകളും തുടങ്ങാനുദ്ദേശിച്ചാണ് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നുവർഷം മുമ്പ് ഹോസ്പിറ്റലിനായി കെട്ടിടനിർമ്മാണം ആരംഭിച്ചത്. ഏറെ നാളായി കെട്ടിട നിർമ്മാണം സ്തംഭിച്ചിരിക്കുകയാണ്. മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മാണം ആരംഭിച്ചത്. ഇതിനിടെ മെയിന്റനൻസ് ഫണ്ട് നിർമ്മാണത്തിന് ഉപയോഗിക്കരുതെന്നും അറ്റകുറ്റപ്പണികൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കാർ നിർദ്ദേശം വന്നു. ഇനി പ്ളാൻ ഫണ്ടിൽ നിന്നേ കെട്ടിട നിർമ്മാണത്തിന് തുക മാറ്റിവയ്ക്കാനാവൂ. പ്ളാൻഫണ്ടിൽ ഇതിനാവശ്യമായ തുകയില്ലാത്തതാണ് നിർമ്മാണ സ്തംഭനത്തിന് കാരണം.
ആരോഗ്യ ബ്ലോക്കിന്റെ ആസ്ഥാനമായ കാളികാവിൽ ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള രോഗികളെത്തുന്നുണ്ട്. .കോടികൾ മുടക്കിയ കെട്ടിടങ്ങൾ ആശുപത്രി കോമ്പൗണ്ടിൽ ധാരാളമുണ്ടെങ്കിലും മെച്ചപ്പെട്ട സൗകര്യം ജനങ്ങൾക്ക് ലഭിക്കുന്നില്ല.
ലാബും പാതിവഴിയിൽ
അസൗകര്യങ്ങളിൽ വീർപ്പു മുട്ടുന്ന നിലവിലുള്ള ലാബിന് പകരമായാണ് ആധുനിക സൗകര്യങ്ങളുള്ള പുതിയ ലാബ് എന്ന ആശയമുയർന്നത്. എന്നാലിത് പൂർത്തിയായിട്ടില്ല.
ലാബിന്റെ ഇലക്ട്രിക്കൽ വർക്ക് ഏറ്റെടുത്ത കരാറുകാരൻ ഇത് പൂർത്തിയാക്കിയിട്ടില്ല.
വാങ്ങിയ ലക്ഷങ്ങൾ വില വരുന്ന മെഷീനുകളും വെറുതെ കിടക്കുകയാണ്.
കെട്ടിടങ്ങൾക്കും മറ്റു സൗകര്യങ്ങൾക്കും ലക്ഷങ്ങളുടെ ഫണ്ട് അനുവദിക്കുന്നതിനപ്പുറം യാതൊരു ഇടപെടലുകളും ജനപ്രതിനിധികൾ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ലാബ് പണി പൂർത്തിയാക്കാത്തത് സംബന്ധിച്ച് ഡി.എം. ഒ, പഞ്ചായത്ത്, എം.എൽ.എ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.