മലപ്പുറം: അനധികൃത വൈദ്യുതി വേലികൾ മൂലമുള്ള മരണങ്ങൾ ജില്ലയിൽ വർദ്ധിക്കുന്നതായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകൾ. അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 91 മരണങ്ങൾ ഉണ്ടായപ്പോൾ ഇതിൽ 16 എണ്ണവും മലപ്പുറത്ത് ആണ്. ഇതിൽ പകുതിയിലധികം മരണങ്ങളും കഴിഞ്ഞ രണ്ട് വർഷത്തിനിടയിലാണ്. അനധികൃത വൈദ്യുതി വേലികൾ മൂലം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് പാലക്കാടാണ്. 32 പേർ. തൊട്ടുപിന്നിൽ മലപ്പുറം ആണ്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിൽ ഒരുമരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ, വീട്ടിലെ കണക്ഷനിൽ നിന്ന് വൈദ്യുതി കടത്തിവിട്ടുമാണ് വൈദ്യുതി വേലി സ്ഥാപിക്കുന്ന ഇടത്താണ് അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂണിൽ വഴിക്കടവിൽ മീൻപിടിക്കാൻ പോയ വിദ്യാർത്ഥി അനധികൃത വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചതാണ് ഏറ്റവും ഒടുവിലെ അപകടം.
കാറ്റിൽപ്പറത്തി നിബന്ധനകൾ
- വന്യജീവികളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ വേണ്ടി വൈദ്യുതി വേലികൾ സ്ഥാപിക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.
- ഇംപൾസ് ജനറേറ്ററുള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനർജൈസർ മാത്രമേ ഉപയോഗിക്കാവൂ.
- ഒരു സെക്കൻഡിൽ ഒന്നിലധികം ഇലക്ട്രിക് ഇംപൾസുകൾ നൽകാൻ പാടില്ല. ഫെൻസ് എനർജൈസറിന്റെ പരമാവധി വാട്ടേജ് 15 വാട്സാണ്.
- വൈദ്യുതി വേലിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന മൃഗങ്ങൾക്ക് മാരകമല്ലാത്ത ഷോക്ക് നൽകി അവയെ അകറ്റുക എന്നതാണ് വേലികളുടെ ലക്ഷ്യം.
- വൈദ്യുതി വേലികൾക്കായി മുള്ളുകമ്പികൾ ഉപയോഗിക്കാൻ പാടില്ല. മൃഗങ്ങൾ കുടുങ്ങുന്ന തരത്തിലുള്ള വേലികളുടെ നിർമ്മാണവും അനുവദിക്കില്ല.
- പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇടങ്ങളിൽ ഓരോ 50 മീറ്റർ അകലത്തിലും അപകട ചിഹ്നങ്ങൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്..
- ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വലിയ വോൾട്ടേജ് കടത്തിവിട്ടുള്ള വേലികളാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്.