മലപ്പുറം: ഓണത്തിന് മുമ്പ് സംഭരിച്ച നെല്ലിന്റെ തുക നൽകുമെന്ന സർക്കാർ വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് ജില്ലയിലെ നെൽ കർഷകർ.കൃഷി വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം ഒഴിച്ചുനിറുത്തിയാൽ ഇതുസംബന്ധിച്ച് ഇതുവരെ കൃഷി വകുപ്പ്, സപ്ലൈകോ അധികൃതർക്ക് നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. മേയ് 20 വരെ സംഭരിച്ച നെല്ലിന്റെ വിലയാണ് കർഷകർക്ക് ലഭിച്ചിട്ടുള്ളത്. ഇതിനായി സംസ്ഥാനത്താകെ 98 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ തുക അപര്യാപ്തമായതോടെ മേയ് 20 വരെയുള്ള തുക ലഭിക്കാത്ത കർഷകരുമുണ്ട്. ഇവരുടെ ഉൾപ്പെടെ ജില്ലയിലെ നെൽ കർഷകരുടെ കുടിശ്ളിക തീർക്കാൻ 21 കോടിയോളം രൂപ വേണം. കോഴിക്കോട് - രണ്ട് കോടി, വയനാട് - 2.38 കോടി,​ കണ്ണൂർ - 1.75 കോടി,​ കാസർക്കോട് - 1.09 കോടി എന്നിങ്ങനെയാണ് സമീപ ജില്ലകളിലെ കുടിശ്ശിക. 9,​000ത്തോളം കർഷകരിൽ നിന്നായി 30,707 ടണ്ണോളം നെല്ലാണ് സപ്ലൈകോ ജില്ലയിൽ നിന്ന് സംഭരിച്ചിട്ടുള്ളത്. പൊന്നാനി കോൾ മേഖലയിൽ നിന്ന് മാത്രം 12,​600 ടൺ നെല്ലാണ് സംഭരിച്ചത്. ആകെ സംഭരിച്ച നെല്ലിന്റെ പകുതി തുക ഇതുവരെ നൽകിയിട്ടുണ്ട്.

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള നെല്ല് സംഭരണത്തിൽ 23 രൂപയാണ് കേന്ദ്രം നൽകുന്ന താങ്ങുവില. സംസ്ഥാന ബോണസായി 5.20 രൂപയുമടക്കം 28.20 രൂപയാണ് ഒരുകിലോ നെല്ലിന്റെ സംഭരണ വില. കൂടാതെ 12 പൈസ ഹാൻഡിലിംഗ് ചാർജ്ജായും നൽകും.

നിലവിൽ സപ്ലൈകോ സംഭരിക്കുന്ന നെല്ല്‌ കരാർ ഒപ്പിട്ട മില്ലുകാർ വഴി അരിയാക്കി എഫ്‌.സി.ഐക്ക്‌ കൈമാറുകയാണ്. മില്ലിൽ എത്തുന്ന അരിയുടെ കണക്ക്‌ അനുസരിച്ച്‌ സപ്ലൈകോയ്‌ക്ക്‌ കേന്ദ്ര വിഹിതം നൽകുകയുമാണ്‌ രീതി. എഫ്‌.സി.ഐയിൽ എത്തുന്ന അരി കേരളത്തിലെ റേഷൻ കട വഴി വിതരണം ചെയ്യും.

ഓണത്തിന് മുമ്പ് നെൽ കർഷകരുടെ തുക പൂർണ്ണമായും നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

എം. ദിവ്യ, നെല്ല് സംഭരണ ഓഫീസർ, സപ്ലൈകോ