ചങ്ങരംകുളം: ആലംകോട് പഞ്ചായത്തുകാർക്ക് ഗ്രാമപഞ്ചായത്തിന്റെ വക ഓണസമ്മാനം. ആലകോട് പഞ്ചായത്തിലെ വിവിധ ഗ്രാമ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഗ്രാമവണ്ടി നിരത്തിലിറങ്ങുന്നതിൻറെ ആഹ്ളാദത്തിലാണ് പ്രദേശവാസികൾ. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ യാത്രാ സൗകര്യം വളരെ കുറവാണ്. നാട്ടുകാർ അധിക ചാർജ് നൽകി സ്വകാര്യവാഹനങ്ങളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഗ്രാമവണ്ടി വരുന്നതോടെ വലിയ ആശ്വാസമാകും ഗ്രാമവാസികൾക്ക്. രാവിലെ 6.30ന്പൊന്നാനി ഡിപ്പോയിൽ നിന്നും പുറപ്പെടുന്ന വണ്ടി ആലംകോട് പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങൾ മുഴുവൻ എത്തുന്ന തരത്തിലാണ് റൂട്ട് ക്രമീകരിക്കുന്നത്. ഇത് പ്രദേശത്തെ ജോലിക്കാർക്കും വിദ്യാർത്ഥികൾക്കും സർക്കാർ ജീവനക്കാർക്കും ഏറെ സഹായകരമാകും. പലരും നിലവിൽ കിലോമീറ്ററുകൾ നടന്നാണ് ടൗണിൽ എത്തിച്ചേരുന്നത്. ഗ്രാമവണ്ടിയുമായി ബന്ധപ്പെട്ട് പഞ്ചായത്തും കെ.എസ്.ആർ.ടി.സി അധികൃതരും തമ്മിൽ നടപടി ക്രമങ്ങൾ സംബന്ധിച്ചു ധാരണയായിട്ടുണ്ട്. വൈകാതെ ആലകോട് പഞ്ചായത്തിൽ ആനവണ്ടി ഗ്രാമവണ്ടിയായി യാത്ര തുടങ്ങും.