കാളികാവ്: അടക്കാക്കുണ്ട് എഴുപതേക്കറിൽ ഭീഷണിയായ കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.ഈ മാസം19 നാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി ജനവാസ മേഖലയിൽ കടുവയിറങ്ങിയത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കൊന്നു തിന്നുകയും ചെയ്തിരുന്നു. പശുവിനെ കൊന്നു തിന്ന തൊഴുത്തിനു സമീപമാണ് കൂടുവച്ചത്.കടുവയാക്രമണം നടന്ന് പത്തു ദിവസം കഴിഞ്ഞാണ് കൂട് സ്ഥാപിച്ചത്. അതേസമയം, കൂട് വക്കാൻ സമയം വൈകിയെന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്. പശുവിനെ കൊന്നതിന്റെ തൊട്ടടുത്ത രണ്ടു ദിവസം കടുവ തൊഴുത്തിനടുത്ത് എത്തിയതായി നാട്ടുകാർ പറയുന്നു.പശുവിനെ കൊന്നതിന്റെ പിറ്റേന്നു തന്നെ കെണിസ്ഥാപിച്ചിരുന്നെങ്കിൽ കടുവയെ പിടികൂടാമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വയനാട്ടിൽ നിന്നാണ് ഇവിടേക്ക് കൂട്എത്തിച്ചത്. മലയോര മേഖലയിൽ കടുത്ത ഭീഷണി ഉയർത്തിയ കടുവയെ പിടികൂടണമെന്ന് ഡി വൈ എഫ് ഐ അടക്കാക്കുണ്ട് യൂണിറ്റ് ആവശ്യപ്പെട്ടു. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രിക്ക് നിവേദനവും നൽകി.കടുവ ഭീഷണിയിൽ വനം വകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് അടക്കാക്കുണ്ടിൽ ജനകീയ പ്രതിഷേധ മാർച്ച് നടക്കും.
അടക്കാക്കുണ്ട് എഴുപതേക്കറിൽ കടുവക്ക് കെണി വെക്കുന്നു.
കൂട്ടിൽ ഇര വയ്ക്കാൻ
ഫണ്ടില്ലെന്ന് വനംവകുപ്പ്
കാളികാവ്: അടക്കാക്കുണ്ട് എഴുപതേക്കറിൽ സ്ഥാപിച്ച കൂട്ടിൽ കടുവയെ കെണിയിലാക്കുന്നതിനുള്ള ഇര വെക്കാൻ വനം വകുപ്പിന് ഫണ്ടില്ലെന്ന്. കടുവക്കു വേണ്ടി സ്ഥാപിച്ച കൂട്ടിൽ കടുവയെ ആകർഷിക്കുന്നതിന് ആടിനേയൊ പശുക്കുട്ടിയേയൊ കെട്ടിയിടാറാണ് പതിവ്. ഇതിന് പതിനായിരം രൂപയോളം ചെലവ് വരും. ഇതിനുള്ള പണം വനംവകുപ്പിന്റെ പക്കലില്ല. ആടിനെ നാട്ടുകാർ വാങ്ങിത്തരണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിനായി നാട്ടുകാർ പിരിവ് നടത്താനുള്ള തീരുമാനത്തിലാണ്.