മലപ്പുറം: രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഇൻഷ്വറൻസും സ്വന്തം പേരിലായിട്ടും ഇൻഷ്വറൻസ് നിഷേധിച്ച നാഷണൽ ഇൻഷ്വറൻസ് കമ്പനി, പരാതിക്കാരിക്ക് 15,60,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കമ്മിഷൻ. തൃശൂർ വടക്കേക്കാട് സ്വദേശിനി ഷിംനാ ഫമീഷ് സമർപ്പിച്ച ഹരജിയിലാണ് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ വിധി. പരാതിക്കാരിയുടെ പേരിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഇൻഷ്വറൻസുമുള്ള ബി.എം.ഡബ്ള്യു കാർ ചാലക്കുടി അതിരപ്പള്ളി റോഡിൽ വച്ചുണ്ടായ അപകടത്തിൽ പൂർണ്ണമായി തകർന്നു. 15 ലക്ഷം രൂപയ്ക്കാണ് വാഹനം ഇൻഷ്വർ ചെയ്തിരുന്നത്. അതിരപ്പള്ളി പൊലീസ് സംഭവസമയം വാഹനം ഓടിച്ചിരുന്നയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അപകട വിവരം ഇൻഷ്വറൻസ് കമ്പനിയെ അറിയിക്കുകയും ചെയ്തു. പക്ഷേ ഇൻഷ്വറൻസ് ആനുകൂല്യം നൽകാൻ കമ്പനി തയ്യാറായില്ല.
അപകട സമയത്ത് വാഹനം പരാതിക്കാരിയുടേതായിരുന്നില്ലെന്നും പൊലീസ് സ്റ്റേഷനിൽ നിന്നും ഉടമസ്ഥനെന്ന നിലയിൽ വാഹനം ഏറ്റുവാങ്ങിയത് മജീദ് എന്നയാളാണെന്നും അതിനാൽ പരാതിക്കാരിക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് അർഹതയില്ലെന്നുമാണ് കമ്പനി അറിയിച്ചത്. പരാതിക്കാരിയും ഭർത്താവും വിദേശത്തേക്ക് പോകുന്നതിനാൽ സുഹൃത്തെന്ന നിലയിൽ താത്കാലികമായി കൈമാറിയിരുന്നതാണെന്നും വാഹനത്തിന്റെ ഇൻഷ്വറൻസും ഉടമസ്ഥതയും തന്റെ പേരിലാണെന്നും പോളിസി പ്രകാരം ആനുകൂല്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി കമ്മിഷനെ സമീപിക്കുകയായിരുന്നു.
പരാതിയോടൊപ്പം സ്വന്തം പേരിലുള്ള അസ്സൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ഇൻഷ്വറൻസ് പോളിസിയും കമ്മിഷൻ മുമ്പാകെ ഹാജരാക്കി നന്നാക്കാനാവാത്ത വിധം കേടുവന്ന വാഹനത്തിന്റെ അവശിഷ്ടങ്ങൾ മൂന്നര ലക്ഷം രൂപയ്ക്ക് വിറ്റതിന്റെ ഒറിജിനൽ രേഖയും പരാതിക്കാരി ഹാജരാക്കി.
പൊലീസ് സ്റ്റേഷനിൽ നിന്ന് വാഹനം ഏറ്റുവാങ്ങിയ കരാർ ഉടമസ്ഥനാണ് യഥാർത്ഥ വാഹന ഉടമയെന്ന ഇൻഷ്വറൻസ് കമ്പനിയുടെ വാദം കമ്മിഷൻ നിരാകരിച്ചു. മോട്ടോർ വാഹന നിയമപ്രകാരം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ പറയുന്നയാളാണ് വാഹന ഉടമയെന്നിരിക്കെ, കരാർ പ്രകാരമുള്ള ഉടമയാണ് യഥാർത്ഥ ഉടമയെന്ന് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷൻ വിധിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നും വാഹനം ഏറ്റുവാങ്ങുന്നയാൾ യഥാർത്ഥ ഉടമയാകണമെന്നില്ല. ആവശ്യപ്പെടുമ്പോൾ വാഹനം ഹാജരാക്കണമെന്ന വ്യവസ്ഥ പാലിച്ചാൽ മതി. പരാതിക്കാരിയും കരാർ ഉടമയും തമ്മിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കവുമില്ല- കമ്മിഷൻ വിധിയിൽ പറഞ്ഞു.
ഇൻഷ്വറൻസ് ആനുകൂല്യമായി 13,50,000 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 10,000 രൂപയും പരാതിക്കാരിക്ക് ഒരുമാസത്തിനകം നൽകുന്നതിനാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വന്നാൽ 9 ശതമാനം പലിശയും നൽകണം.