പാലക്കാട്: ജില്ലയിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നു. ഈ വർഷം ജൂലായ് വരെ ജില്ലയിലെ പത്ത് ഫയർ സ്റ്റേഷനുകൾക്ക് കീഴിലായി ആകെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. പാലക്കാട് ഫയർ സ്റ്റേഷന് കീഴിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങളുണ്ടായത്,14 എണ്ണം. ഏറ്റവും കുറവ് കോങ്ങാട് ആണ് രണ്ടെണ്ണം. ചിറ്റൂർ ഏഴ്, ആലത്തൂർ നാല്, വടക്കഞ്ചേരി അഞ്ച്, ഷൊർണൂർ 10, മണ്ണാർക്കാട് അഞ്ച്, കഞ്ചിക്കോട് എട്ട്, കൊല്ലങ്കോട് മൂന്ന്, പട്ടാമ്പി നാല് എന്നിങ്ങനെയാണ് മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷവും പാലക്കാട് ആണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ ഉണ്ടായത്. ഇതിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നു. കനത്ത മഴയിൽ പുഴകളിലും കുളങ്ങളിലും മറ്റു ജലാശയങ്ങളിലുമെല്ലാം ജലനിരപ്പ് വർദ്ധിച്ചത് ശ്രദ്ധിക്കാതെ മീൻ പിടിക്കാനും കുളിക്കാനും പോയവരാണ് കൂടുതലും അപകടങ്ങളിൽ പെട്ടിട്ടുള്ളത്.

2024ൽ ജില്ലയിൽ ആകെ 66 മുങ്ങി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ വർഷത്തെ കണക്കുകൾ ആശങ്കയുണ്ടാക്കുന്നതാണ്. കഴിഞ്ഞ ദിവസം ഭാരതപ്പുഴയിലും എടത്തനാട്ടുകരയിലും ഇത്തരത്തിൽ അപകടങ്ങളുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പാണ് ചിറ്റൂർ പു​ഴ​യി​ലെ ആ​ലം​ക​ട​വി​ൽ ഒഴുക്കിൽപ്പെട്ട തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ രണ്ടുപേരെ ഫയർഫോഴ്സ് രക്ഷിച്ചത്.

 ജാഗ്രത വേണം

മഴക്കാലത്ത് ജലനിരപ്പ് വർദ്ധിക്കുന്നതിനാൽ ജലാശയങ്ങളിൽ ഇറങ്ങുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക. ഒഴുകിവരുന്ന തേങ്ങ പെറുക്കാൻ ഇറങ്ങുക, കുളിക്കാൻ ഇറങ്ങുക, വിനോദത്തിനായി മീൻ പിടിക്കാൻ പോകുക, പുഴകാണാൻ പോകുക തുടങ്ങിയ അനാവശ്യ സന്ദർഭങ്ങൾ ഈ സമയത്ത് ഒഴിവാക്കണം.

 ശക്തമായ മഴയിൽ നദികൾ മുറിച്ചു കടക്കാനോ ജലാശയങ്ങളിൽ കുളിക്കാനോ മീൻ പിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല.
 നീന്തൽ അറിയാത്ത കുട്ടികളായാലും മുതിർന്നവരായാലും വെള്ളക്കെട്ടിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.
 ജലാശയങ്ങൾക്ക് മുകളിലുള്ള മേൽപ്പാലങ്ങളിൽ സെൽഫി എടുക്കുകയോ കാഴ്ച കാണുകയോ ചെയ്യുന്നത് ഒഴിവാക്കുക.
 ഉയർന്നതും വഴുവഴുപ്പുള്ളതുമായ പാറക്കെട്ടുകൾ, ക്വാറികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സെൽഫി ഒഴിവാക്കുക.
 മഴക്കാലത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കുക.
 കടത്ത് കടക്കുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുകയും വഞ്ചിയിൽ ലൈഫ് ബോയ കരുതുകയും വേണം.