ബെംഗളൂരുവിൽ നിന്ന് രണ്ട് എ.സി സ്പെഷ്യൽ ട്രെയിനുകൾ
പാലക്കാട്: സ്വാതന്ത്ര്യദിനം, ഓണം അവധിത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു. നിലവിൽ രണ്ട് എ.സി സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചിട്ടുള്ളത്.
രണ്ട് എ.സി 2-ടയർ, 16 എ.സി 3-ടയർ കോച്ചുകളാണ് സ്പെഷ്യൽ ട്രെയിനുകളിലുണ്ടാവുക. ബെംഗളൂരുവിൽ നിന്നുള്ള പതിവുട്രെയിനുകളിൽ സ്വാതന്ത്ര്യദിന അവധിക്കും ഓണത്തിനുമുള്ള സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു. കെ.എസ്.ആർ.ടി.സി ബസുകളിലെ ടിക്കറ്റുകളും നേരത്തെ വിറ്റഴിഞ്ഞിരുന്നു.
എസ്.എം.വി.ടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ എക്സ്‌പ്രസ്(06523/24) ആഗസ്റ്റ് 11 മുതൽ സെപ്തംബർ 15 വരെ തിങ്കളാഴ്ചകളിൽ രാത്രി 7.25ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. രാവിലെ 5.05നാണ് ട്രെയിൻ പാലക്കാട് എത്തുക. ആഗസ്റ്റ് 12 മുതൽ സെപ്തംബർ 16 വരെ ചൊവ്വാഴ്ചകളിൽ വൈകിട്ട് 3.15ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന മടക്ക ട്രെയിൻ രാത്രി 10.55ന് പാലക്കാടും പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലും എത്തും.
രണ്ടാമത്തെ സ്പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 13, 27, സെപ്തംബർ മൂന്ന് തീയതികളിലാണ്. ബുധനാഴ്ചകളിൽ രാത്രി 7.25ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15ന് തിരുവനന്തപുരം നോർത്ത് സ്റ്റേഷനിലെത്തും. പിറ്റേന്ന് രാവിലെ 05.05ന് ട്രെയിൻ പാലക്കാടെത്തും. തിരുവനന്തപുരത്തു നിന്നുള്ള മടക്ക സർവീസ് ആഗസ്റ്റ് 14, 28, സെപ്തംബർ 4 വ്യാഴാഴ്ചകളിൽ വൈകിട്ട് 3.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ബെംഗളൂരുവിലെത്തും. രാത്രി 10.55നാണ് ട്രെയിൻ പാലക്കാട് എത്തുന്നത്.