ഭീതിയിലായി ജനങ്ങൾ
കഞ്ചിക്കോട്: വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഭഗീരഥ പ്രയത്നം നടത്തി വനത്തിലേക്ക് ഓടിച്ച ആനകളെല്ലാം ജനവാസ മേഖലകളിലേക്ക് തിരികെയെത്തി. ഇന്നലെ രാവിലെ മുതൽ കഞ്ചിക്കോട്, വാളയാർ മേഖലകളിൽ ആനകളുടെ വിഹാരമായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിയ ഒറ്റയാനും കഞ്ചിക്കോട് വനമേഖലയിലെ ആനക്കൂട്ടവും കാഴ്ച്ച ശക്തി നഷ്ടപ്പെട്ട ചുരുളി കൊമ്പനും ഇന്നലെ മുഴുവൻ ജനവാസ മേഖലയിലുണ്ടായിരുന്നു. ഇതേ തുടർന്ന് ജനങ്ങൾ ആകെ പരിഭ്രാന്തിയിലാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ഒറ്റയാനൊഴികെയുള്ള ആനകൾക്ക് അക്രമ സ്വഭാവം ഇല്ലെന്നതാണ് ഏക ആശ്വാസം.
തേജസ് ബേക്കറി മാനേജറായ കണ്ണൻ ഇന്നലെ ചെല്ലൻ കാവിലെ തന്റെ വീട്ടിൽ നിന്നും ജോലിക്ക് പോകാനിറങ്ങുമ്പോഴാണ് വീടിന് മുൻവശത്തും കൃഷിയിടങ്ങളിലുമായി രണ്ട് കുട്ടിയാനകൾ ഉൾപ്പെടെ എട്ട് ആനകൾ നിൽക്കുന്നത് കണ്ടത്. രണ്ടാഴ്ച്ച മുമ്പ് കണ്ണന്റെ കൃഷിയിടങ്ങളിൽ വന്ന അതേ ആനക്കൂട്ടം തന്നെയായിരുന്നു ഇത്. അന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും രണ്ട് ദിവസം രാവും പകലും പ്രയത്നിച്ചാണ് ആനകളെ വനത്തിനകത്തേക്ക് കടത്തിവിട്ടത്. കാഴ്ച്ച നഷ്ടപ്പെട്ട ചുരുളി കൊമ്പന്റെ സാന്നിദ്ധ്യവും കഞ്ചിക്കോടുകാരുടെ ഉറക്കം കെടുത്തുന്നു. നിലവിൽ ശാന്തനാണെങ്കിലും കാഴ്ച്ച നഷ്ടപ്പെട്ട സാഹചര്യത്തിൽ അക്രമാസക്തനാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചുരുളി കൊമ്പന് ചികിത്സ നൽകാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. വെറ്റിനറി ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടിട്ട് ഇതുവരെയും ലഭ്യമാകാത്തതാണ് ചികിത്സ തുടങ്ങാൻ വൈകുന്നതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.കെ.മരുതൻ പറഞ്ഞു. ഇതിനിടയിലാണ് ഇന്നലെ ഉച്ചയോടെ വാളയാർ ഭാഗത്ത് ഒറ്റയാനെ കണ്ടത്. ഒറ്റയാൻ അക്രമാസക്തനാണെന്നതു കൊണ്ടു തന്നെ വാളയാർ, ചന്ദ്രാപുരം, വാദ്ധ്യാർ ചള്ള തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ ഭീതിയിലാണ്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മാത്രം പന്ത്രണ്ടോളം തവണ ആനകളെ കാട്ടിലേക്ക് ഓടിച്ച് വിട്ടിട്ടുണ്ട്. പക്ഷെ അതേ വേഗത്തിൽ ആനകൾ തിരിച്ച് വരികയാണെന്ന് പുതുശ്ശേരി പഞ്ചായത്തംഗം പി.ബി.ഗിരീഷ് പറഞ്ഞു.
എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞങ്ങൾ. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നിസ്സഹായ അവസ്ഥയിലാണ്. രാപകൽ വ്യത്യാസമില്ലാതെ ഊണും ഉറക്കവും ഉപേക്ഷിച്ച് ആനകളുടെ പിറകെ നടക്കേണ്ട ഗതികേടിലാണ്.പി.ബി.ഗിരീഷ്, പഞ്ചായത്തംഗം, പുതുശ്ശേരി