വടക്കഞ്ചേരി: കനത്ത മഴ, നെല്ലിന്റെ ഓലകരിച്ചിൽ തുടങ്ങിയ പ്രതിസന്ധികൾ നേരിടുന്ന നെൽകർഷകർക്ക് ഇരുട്ടടിയായി പാടങ്ങളിൽ ഞണ്ട് ശല്യം വ്യാപകം. വടക്കഞ്ചേരി മേഖലയിൽ ഏക്കർ കണക്കിന് നെൽച്ചെടികളാണ് ഞണ്ടുകൾ വെട്ടി നശിപ്പിച്ചത്. 200 ഹെക്ടറോളം നെൽകൃഷി ഞണ്ട് വെട്ടൽ മൂലം നശിച്ചതായാണ് അധികൃതരുടെ വിലയിരുത്തൽ. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, അണക്കപ്പാറ, തെക്കേത്തറ, ചെന്നയ്ക്കപ്പാടം, പുതുക്കോട് വടക്കേപ്പൊറ്റ എന്നിവിടങ്ങളിലാണ് പ്രധാനമായും ഞണ്ട് വെട്ടൽ ഭീഷണിയുള്ളത്. ഞണ്ടുകൾ ഞാറുകൾ മുറിച്ചു നശിപ്പിക്കുകയാണ് ചെയ്യുന്നത്. തേങ്ങാപ്പിണ്ണാക്ക് വെള്ളത്തിൽ കുഴച്ച് കുഴമ്പുപോലെയാക്കി വരമ്പിന്റെ അരികിൽ ചിരട്ടകളിലാക്കി വെയ്ക്കുന്നത് ഇത് തടയാൻ സഹായിക്കുമെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. ആക്രമണം രൂക്ഷമായ പാടങ്ങളിൽ കാർടാപ് ഹൈഡ്രോ ക്ലോറൈഡ് കീടനാശിനി ഉപയോഗിക്കാം. തേങ്ങാപ്പിണ്ണാക്കിന് 20 ഗ്രാം എന്ന തോതിൽ കലർത്തി ഉരുളകളാക്കി ഞണ്ടിന്റെ പോടുളിൽ ഇടുന്നതു ഫലപ്രദമാണെന്നും കൃഷി വകുപ്പ് പറയുന്നു.