rajesh
ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നു.

 ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

പാലക്കാട്: പരമ്പരാഗത വ്യവസായങ്ങൾ നിലനിറുത്താൻ സർക്കാരിന്റെ വലിയ പിന്തുണയുണ്ടെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ 12000 കുടുംബങ്ങളുടെ ഉപജീവന മാർഗമാണ് ഖാദി. പരമ്പാരഗത വ്യവസായമെന്ന നിലയിലും ഉപജീവനമാർഗമെന്ന നിലയിലും സ്വാതന്ത്ര്യലബ്ധിയുടെ പ്രതീകമെന്ന നിലയിലും ഖാദി സംരക്ഷിക്കപ്പെണ്ടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഖാദി സ്ഥാപനങ്ങൾക്കുള്ള സബ്സിഡി 50 ശതമാനം ആയിരുന്നത് ഇപ്പോൾ തദ്ദേശസ്വയംഭരണ വകുപ്പ് 100 ശതമാനമാക്കി. ദുഷ്‌കരമായ മത്സരത്തിനിടയിൽ ഖാദിയെ നിലനിറുത്തുന്നതിനായി എല്ലാ ശ്രമങ്ങളും ഖാദി ബോർഡ് നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ആദ്യ വിൽപ്പന നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ സമ്മാന കൂപ്പൺ പ്രകാശനം ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ വാർഡ് കൗൺസിലർ ബി.സുഭാഷ്, കെ.പ്രജീഷ്(പാലക്കാട് സർവോദയ സംഘം), പി.എം രാജേന്ദ്രൻ(അകത്തേത്തറ ഖാദി ഉത്പാദക വ്യവസായ സഹകരണ സംഘം), ലീഡ് ബാങ്ക് മാനേജർ പി.ടി.അനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ.ഉണ്ണികൃഷ്ണൻ, ഖാദി ബോർഡ് മെമ്പർ എസ്.ശിവരാമൻ, ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസർ കെ.ബിജുമോൻ എന്നിവർ പങ്കെടുത്തു.

കോട്ടമൈതാനം ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകൾ, മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകൾ എന്നിവയ്ക്കു പുറമേ മൊബൈൽ സെയിൽസ് വാനിലും പ്രത്യേക മേളകൾ നടക്കും. ഖാദി കോട്ടൻ, സിൽക്ക്, മനില ഷർട്ടിംഗ് തുണിത്തരങ്ങളും ഉന്ന കിടക്കകൾ, തേൻ മറ്റ് ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയും ലഭിക്കും. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ ഗവൺമെന്റ് റിബേറ്റും സമ്മാനങ്ങളും സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.