ചിറ്റൂർ: കോളേജ് വിദ്യാർത്ഥികൾ പുഴയിലെ ഒഴുക്കിൽപ്പെട്ടു. രക്ഷകരായി ഫയർഫോഴ്സ്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ ചിറ്റൂർ പുഴയിലെ ആലംകടവിലാണ് കോളേജ് വിദ്യാർത്ഥികൾ പുഴയിൽ കുടുങ്ങിയത്. തിരുനെൽവേലി സ്വദേശികളായ മിഖിലേഷ് (21), വിഘ്‌നേഷ് (21) എന്നിവരാണ് പുഴയുടെ നടുവിലുള്ള പാറക്കെട്ടിൽ കുടുങ്ങിയത്. സുഹൃത്തുക്കളുമൊത്ത് ബൈക്കുകളിൽ എത്തിയ സംഘമാണ് പുഴയിൽ കുളിക്കുന്നതിനിടെ പുഴയുടെ നടുവിലുള്ള പാറക്കെട്ടിൽ കുടുങ്ങിയത്. ഇവർ കുളിക്കാൻ ഇറങ്ങിയതിനു ശേഷം അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ഇതിനെ തുടർന്ന് കൂടെയെത്തിയ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി ഇരുവരെയും കരയിൽ എത്തിച്ചു. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള 12 അംഗ സംഘം ആണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. സ്റ്റേഷൻ ഓഫീസർ മധു, എസ്.എഫ്.ആർ.ഒ സതീഷ് കുമാർ, ഫയർ ഓഫീസർമാരായ പ്രതീഷ്, ജിജു, കൃഷ്ണദാസ്, ലിജു, മനോജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.