പാലക്കാട്: വിദ്യാർത്ഥികൾ, വ്യാപാരികൾ, സ്ത്രീകൾ തുടങ്ങി ദിവസേന നൂറുകണക്കിനാളുകളെത്തുന്ന പ്രധാന ബസ് സ്റ്റാൻഡായ പാലക്കാട് ടൗൺ സ്റ്റാൻഡിലെ കെട്ടിടം തകർച്ചാ ഭീഷണിയിൽ. കെട്ടിടത്തിൽ പലയിടത്തും ചോർച്ചയുണ്ട്. കെട്ടിടത്തിലെ പാളികൾ അടർന്ന് ഉള്ളിലെ കമ്പികൾ പുറത്തേക്ക് ഉന്തി നിൽക്കുന്നതും അപകടാവസ്ഥ ഇരട്ടിയാക്കുന്നുണ്ട്. കെട്ടിടത്തിന്റെ പിൻഭാഗത്തും, ചുമരുകളിലും ചെടികൾ വളർന്നതും നാശത്തിന് കാരണമാക്കുന്നുണ്ട്.
ഒറ്റപ്പാലം, പട്ടാമ്പി, ഗുരുവായൂർ, കോട്ടായി പറളി ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ കൂടുതലായും നിറുത്തിയിടുന്നത്. കൂടാതെ ഒലവക്കോട്, മലമ്പുഴ, കൊട്ടേക്കാട് തുടങ്ങിയ ടൗൺ സർവീസ് ബസുകളും സ്റ്റാൻഡിൽ കയറിയാണ് പോകുന്നത്. നഗരസഭാ വാണിജ്യ കെട്ടിടം നഗരത്തിലെ പ്രധാന വ്യാപാര മേഖല കൂടിയാണ്. നിരവധി ഇൻസ്റ്റിറ്റ്യൂട്ടുകളും, വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിൽ പ്രവർത്തിക്കുന്നവരെല്ലാം ആശങ്കയിലും ബുദ്ധിമുട്ടിലുമാണ്. ഒന്നാം നിലയിലുള്ള ശൗചാലയം ഉപയോഗശൂന്യമാണ്. കെട്ടിടത്തിന്റെ തകർച്ച മൂലം വ്യാപാരം നിലയ്ക്കുമോയെന്ന ആശങ്കയിലും ഭീതിയിലുമാണ് വ്യാപാരികൾ. തകർച്ചയിലുള്ള കെട്ടിടം ഉടൻ തന്നെ നവീകരണം നടത്തി സുരക്ഷിതമാക്കണമെന്നും ഇതിനൊപ്പം ശൗചാലയ സൗകര്യമൊരുക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. കെട്ടിടത്തിലെ ചോർച്ച തടയുന്നതിന് മുകളിൽ ഷീറ്റിടുന്നതുൾപ്പടെയുള്ള നടപടികൾ ഉടൻ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.