പാലക്കാട്: ജില്ലയിൽ വൈദ്യുതി ലെെൻ പൊട്ടിവീണുള്ള അപകടങ്ങൾ പതിവായതിനാൽ കൂടുതൽ കരുതൽ വേണമെന്ന് കെ.എസ്.ഇ.ബി അധികൃതർ. അനധികൃത കെണികളും വൈദ്യുത ലൈനുകൾക്ക് സമീപം ഇരുമ്പു കമ്പി, ഗോവണി എന്നിവയുടെ ഉപയോഗവുമാണ് പല അപകടങ്ങൾക്ക് കാരണം. 2020 ഏപ്രിൽ മുതൽ 2025 ജൂലായ് വരെ 35 പേരാണ് പാലക്കാട് ജില്ലയിൽ ഷോക്കേറ്റ് മരിച്ചത്. ഇതിൽ നാലു പേർ സ്ത്രീകളാണ്. കഴിഞ്ഞ വർഷം മാത്രം മരിച്ചത് ഒമ്പത് പേർ. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ വൈദ്യുതി അപകടങ്ങളുണ്ടാകുന്നതും പാലക്കാടാണ്.
അനധികൃത മാംസക്കച്ചവട സംഘങ്ങൾ മൃഗങ്ങളെ കുടുക്കാൻ വൈദ്യുതി ലൈനുമായി നേരിട്ട് ബന്ധിപ്പിച്ച് വൈദ്യുതിക്കെണി സ്ഥാപിക്കുന്നതും നേരിട്ട് കണക്ഷൻ നൽകുന്നതും അപകടത്തിനിടയാക്കുന്നുണ്ട്.
വൈദ്യുതി ലൈൻ പൊട്ടി വീണാൽ ബന്ധപ്പെടേണ്ട നമ്പർ- 9496010101
ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ
വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ് തോട്ടിയോ ഏണിയോ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
വൈദ്യുതി ലൈനുകൾക്ക് അടുത്തുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിക്കമ്പോൾ അതീവ ജാഗ്രത പാലിക്കുക.
പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനിലോ, മഴയത്ത് വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ വയറിലോ ഒരു കാരണവശാലും സ്പർശിക്കരുത്.
നനഞ്ഞ കൈകൊണ്ട് സ്വിച്ചുകളോ മറ്റ് വൈദ്യുത ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാതിരിക്കുക.
വീടുകളിൽ 30 മില്ലി ആമ്പിയർ പ്രവർത്തനക്ഷമതയുള്ള ഇ.എൽ.സി.ബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബേക്കർ) നിർബന്ധമായും സ്ഥാപിക്കുക. ഇത് വൈദ്യുത ചോർച്ച മൂലമുള്ള അപകടങ്ങൾ തടയും. മാസത്തിലൊരിക്കൽ ടെസ്റ്റ് ബട്ടൺ അമർത്തി ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. പ്ലാസ്റ്റിക് വയറുകൾ ഉപയോഗിച്ചുള്ള താൽക്കാലിക വയറിംഗ് ഒഴിവാക്കുക.
വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തമുണ്ടായാൽ ഉടൻ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. തീ അണയ്ക്കാൻ വെള്ളം ഉപയോഗിക്കരുത്. ഉണങ്ങിയ മണലോ, ഡ്രൈ പൗഡർ ഉപയോഗിച്ചുള്ള അഗ്നിശമന ഉപകരണങ്ങളോ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുക. ഷോക്കേറ്റാൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മാത്രം അവരെ സ്പർശിക്കുക. ഉണങ്ങിയ തടിക്കഷണം പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് അവരെ വൈദ്യുതി സ്രോതസ്സിൽ നിന്ന് വേർപെടുത്തുക.