ബാഗ് ഉടമസ്ഥനെ ഏൽപ്പിച്ച് റെയിൽവേ പൊലീസ്
ഷൊർണൂർ: യാത്രക്കാരൻ ട്രെയിനിലെ കോച്ചിൽ മറന്നുവെച്ച 12 പവൻ ആഭരണങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി ഉടമസ്ഥനെ ഏല്ലിച്ച് മാതൃകയായി ഷൊർണൂർ റെയിൽവെ പൊലീസ്. ഏറനാട് എക്സ്പ്രസ്സിലെ ജനറൽ കോച്ചിൽ യാത്ര ചെയ്ത ആളാണ് ബാഗ് മറന്ന് വച്ച് കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങിയത്. ബാഗ് ആളില്ലാതെ മുപ്പത് കിലോമീറ്റർ സഞ്ചരിച്ച് ഷൊർണൂരിലെത്തി. ഈ സമയത്താണ് റെയിൽവെ പൊലീസ് വിവരമറിയുന്നത്. പൊലീസുകാർ ആളില്ലാത്ത ബാഗ് കണ്ടെത്താൻ ബോഗികളെല്ലാം പരിശോധിച്ചു. ഒടുവിൽ ഷോൾഡർ ബാഗ് കണ്ടെത്തി. മലപ്പുറം ഏലങ്കുളം സ്വദേശി ആരിഫുദ്ധീന്റെ ബാഗായിരുന്നു അത്. ഭാര്യയുടെ 12 പവൻ ആഭരണങ്ങളാണ് ബാഗിലുണ്ടായിരുന്നത്. റെയിൽവെ പൊലീസ് എ.എസ്.ഐ.മാരായ ജെനിൽ പി.ജോസഫ്, മുഹമ്മദ് ലത്തീഫ്, വി.കെ.ശ്യാം എന്നിവരാണ് ബാഗ് കണ്ടെത്തി ഉടമയ്ക്ക് കൈമാറിയത്.