കഞ്ചിക്കോട്: വ്യവസായ നഗരത്തിന് ഊർജം പകരാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വൈദ്യുതി വകുപ്പ്. കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് മാത്രമായി പുതിയ സബ്‌സ്റ്റേഷൻ, പുതിയ ട്രാൻസ് ഫോർമറുകൾ, പ്രസരണ വിതരണ സംവിധാനം കാര്യക്ഷമമാക്കൽ, ഭൂഗർഭ കേബിൾ സ്ഥാപിക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങൾക്കാണ് വൈദ്യുതി ബോർഡ് രൂപം നൽകിയിരിക്കുന്നത്. വ്യവസായ മേഖലയുടെ സുഗമമായ പ്രവർത്തനത്തിന് വൈദ്യുതി പ്രതിസന്ധി തടസമാകരുതെന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളത്. കാറ്റാടി പ്ലാന്റിൽ നിന്നുള്ള വൈദ്യുതി ഉദ്പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതിക്കും രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. നിർദ്ദിഷ്ട കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി കൂടി വരുന്ന സാഹചര്യത്തിൽ കൂടുതൽ വൈദ്യുതി ആവശ്യം വരുമെന്നത് കൂടി പരിഗണിച്ചാണ് വൈദ്യുത വകുപ്പിന്റെ നീക്കം.
സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ കഞ്ചിക്കോടിനെ ബാധിച്ചിരിക്കുന്ന മുഖ്യ പ്രശ്നം വൈദ്യുതി പ്രതിസന്ധിയാണ്. നിലവിൽ 220 കെ.വി സബ്‌സ്റ്റേഷനിൽ നിന്നാണ് കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. പുതിയ സബ്‌സ്റ്റേഷൻ വേണം എന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളേറെയായി. ഇതിനായി വ്യവസായ വകുപ്പ് കെ.എസ്.ഇ.ബിക്ക് ഭൂമി കൈമാറിയിട്ടുമുണ്ട്. ഈ സ്ഥലത്ത് സബ് സ്റ്റേഷൻ സ്ഥാപിക്കാനാണ് ഇപ്പോൾ കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. സബ്‌സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിന് ഏകദേശം 20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്.
വൈദ്യുതി മുടങ്ങുന്നത് പതിവാകുന്നത് മൂലം വ്യവസായ മേഖലയിൽ പ്രവർത്തി ദിനങ്ങൾ നഷ്ടപ്പെടുകയും സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. സംരംഭകർ ഇത് സംബന്ധിച്ച് വൈദ്യുതി വകുപ്പിനും മന്ത്രിക്കും പരാതികൾ നൽകിയിരുന്നു. കാലഹരണപ്പെട്ട പ്രസരണ വിതരണ ശൃംഖലയും വൈദ്യുതി തടസമുണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ്. പ്രസരണ വിതരണ ശൃംഖലയിൽ അടിമുടി മാറ്റം വരുത്തി പ്രശ്നത്തിന് പരിഹാരം കാണാനാണ് വൈദ്യുതി വകുപ്പ് ലക്ഷ്യമിടുന്നത്. മുകളിലൂടെയുള്ള വൈദ്യുതി ലൈനുകൾ ഘട്ടംഘട്ടമായി മണ്ണിനടിയിലൂടെ കേബിൾ വഴിയാക്കി മാറ്റാനാണ് പദ്ധതി. ഇത് യഥാർത്ഥ്യമായാൽ വൈദ്യുതി മുടക്കവും പ്രസരണ നഷ്ടവും ഒഴിവാക്കാനാകും.