puzha

 മുൻകരുതലുകൾ എടുക്കുന്നില്ലെന്ന് പരാതി


ചിറ്റൂർ: ചിറ്റൂർ പുഴയിൽ നറണി-ആലാങ്കടവ് ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. പുഴയിൽ ആലാങ്കടവ് തടയണയ്ക്ക് സമീപം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള രണ്ടു വിദ്യാർത്ഥികൾ കുടുങ്ങിയിരുന്നു. അഗ്നിശമന സേനാംഗങ്ങളുടെ ശ്രമഫലമായി വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. എങ്കിലും ഇവിടെ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ അധികൃതർ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പുഴയിലെ അപകടമേഖലയിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാനോ മറ്റു മുൻകരുതൽ നടപടികൾ സ്വീകരിക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ വർഷം ജൂലായ് 16ന് മൈസൂരു സ്വദേശികളായ നാലംഗ കുടുബം ഇവിടെ പുഴയിൽ കുടുങ്ങിയിരുന്നു. മണിക്കകൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കാൻ കഴിഞ്ഞത്. അത് കഴിഞ്ഞ് മൂന്നു ദിവസം പിന്നീടുമ്പോൾ പുഴയിൽ നിന്ന് അക്കരയ്ക്ക് എത്താൻ ശ്രമിച്ച രണ്ടു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടും അപകടം സംഭവിച്ചിരുന്നു. അന്നും സാഹസികമായാണ് അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തി കുട്ടികളെ കരക്കെത്തിച്ചത്. എല്ലാ അപകടങ്ങളും ഏതാണ്ട് ഒരേ സ്ഥലത്താണ് സംഭവിക്കുന്നത് എന്നതിനാൽ ഈ അപകടമേഖലയിൽ നാട്ടുകാരും യുവജനതാദൾ പോലുള്ള സംഘടനകളും താൽക്കാലിക വേലി കെട്ടി മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കകം വേലിയും മുന്നറിയിപ്പ് ബോർഡും അപ്രത്യക്ഷമായി. മഴക്കാലമായതോടെ പുഴയിൽ പെട്ടെന്ന് വെള്ളം ഉയരുകയും ശക്തമായ ഒഴുക്ക് അനുഭവപ്പെടുകയും ചെയ്യും. ഇത് അറിയാതെയും വകവെക്കാതെയും കുളിക്കാനിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്. നിലംപതി പാലം നിലവിലുണ്ടായിരുന്നപ്പോൾ പാലത്തിലും അപകടങ്ങളും ഗതാഗത സ്തംഭനവും പതിവായിരുന്നു. അപകട മേഖലയിൽ പ്രതിരോധ സംവിധാനവും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.