aadu

മണ്ണാർക്കാട്: തത്തേങ്ങലത്ത് മേയാൻവിട്ട ആടിനെ വന്യമൃഗം പിടികൂടി. ആടിനെ കടിച്ചുകൊണ്ടുപോയത് കടുവയാണെന്നും താൻ ഭാഗ്യവശാലാണ് രക്ഷപ്പെട്ടതെന്നും ഉടമ പുത്തൻപുരക്കൽ അബ്ബാസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മൂന്നോടുകൂടിയാണ് സംഭവം. വീടിനു സമീപത്തുനിന്നും കുറച്ചുമാറി വനാതിർത്തിയിലുള്ള റോഡരികിലായി ആടിനെ മേക്കുകയായിരുന്നു അബ്ബാസ്. രണ്ട് ആടുകളാണ് ഇദ്ദേഹത്തിനുള്ളത്. ഈ സമയം കുറ്റിക്കാടുകൾക്കിടയിൽ നിന്നും എത്തിയ കടുവ ആടുകളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു ആടിന്റെ ദേഹത്ത് കടുവയുടെ നഖംകൊണ്ട് പോറലേറ്റു. മറ്റൊരു ആടിനെ ഇദ്ദേഹത്തിന്റെ കൺമുന്നിൽ വെച്ചുതന്നെ കടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് ആർ.ആർ.ടിയുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും വന്യമൃഗത്തേയോ ആടിനെയോ കണ്ടെത്താനായില്ല. ഇതിന് മുൻപും മൂന്നിലധികം തവണ കടുവയെ ഈ ഭാഗത്ത് കണ്ടിട്ടുണ്ടെന്നും എന്നാൽ വളർത്തുമൃഗത്തെ കടുവ പിടികൂടുന്നത് ആദ്യമാണെന്നും നാട്ടുകാർ പറയുന്നു. തത്തേങ്ങലത്തെ ജനവാസ മേഖലയിൽ പുലിശല്യം നിരവധിതവണ ഉണ്ടായിട്ടുണ്ട്. വളർത്തുമൃഗങ്ങളേയും ആക്രമിച്ചു കൊന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും അടിക്കാടുകൾ വെട്ടിതെളിക്കുകയും ചെയ്തിരുന്നു. നിലവിലുള്ള നിരീക്ഷണക്യാമറ വനംവകുപ്പധികൃതർ പരിശോധിച്ചെങ്കിലും വന്യമൃഗത്തിന്റെ സാന്നിദ്ധ്യമുള്ള ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല. കടുവയുടേതെന്ന് സ്ഥിരീകരിക്കാനുള്ള കാൽപാടുകളും കണ്ടെത്താനായില്ല. പ്രദേശത്ത് നിരീക്ഷണം തുടരുമെന്നും അടിക്കാടുകൾ വെട്ടിത്തെളിക്കാനുള്ള പ്രവൃത്തികൾ തുടരുമെന്നും അധികൃതർ അറിയിച്ചു. വളർത്തുമൃഗത്തെ കടുവ ആക്രമിച്ചതോടെ തത്തേങ്ങലം നിവാസികൾ ഭീതിയിലാണ്.